ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് മഹേഷ്ചീക്കല്ലൂർ

General

ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് വയനാട്ടുകാരൻ; അപൂർവ പത്രങ്ങളുടെയും രേഖകളുടെയും വിസ്മയശേഖരം

കൽപ്പറ്റ: ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം വരെ അടയാളപ്പെടുത്തിയ അപൂർവ പത്രങ്ങളും ചരിത്രരേഖകളും സൂക്ഷിച്ച് വയനാട്ടിലെ മാധ്യമപ്രവർത്തകൻ മഹേഷ് ചീക്കല്ലൂർ. ഏച്ചോം സ്വദേശിയായ മഹേഷിന്റെ ശേഖരത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക സംഭവങ്ങൾ രേഖപ്പെടുത്തിയ പഴയ പത്രങ്ങൾക്കൊപ്പം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്തെ രേഖകളും വിവിധ രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളും ഉൾപ്പെടുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ അടയാളപ്പെടുത്തിയ നിരവധി പത്രങ്ങൾ ഇന്നും കേടുപാടുകൾ കൂടാതെ സംരക്ഷിച്ചുവെച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നാലെ പുറത്തിറങ്ങിയ മാതൃഭൂമി, ഇന്ത്യൻ എക്സ്പ്രസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങൾ ശേഖരത്തിലെ പ്രധാന ആകർഷണങ്ങളാണ്. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവാർത്തകൾ ഉൾപ്പെടെ രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങളുടെ വാർത്തകൾ അക്കാലത്തെ പത്രങ്ങളിലൂടെ ഇവിടെ വായിച്ചറിയാം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രസിദ്ധീകരിച്ച ഭാഷാ പത്രങ്ങൾക്കും വിദേശ പത്രങ്ങൾക്കും ശേഖരത്തിൽ ഇടമുണ്ട്. ചരിത്രത്തിലെ നിർണായക നിമിഷങ്ങളെ അന്നത്തെ പത്രങ്ങൾ എങ്ങനെ അടയാളപ്പെടുത്തിയെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ശേഖരം, കാലത്തിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തിയ വിലപ്പെട്ട ചരിത്രസാക്ഷ്യം കൂടിയാണ്.

പത്രങ്ങൾക്കപ്പുറത്തേക്കും വ്യാപിക്കുന്നതാണ് മഹേഷിന്റെ ചരിത്രശേഖരം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്തെ രേഖകൾ, ബ്രിട്ടീഷ് അധീനതയിലായിരുന്ന ബർമ്മ പോലുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, മൈസൂർ നാട്ടുരാജ്യത്തിലെ ചില ഡോക്കുമെൻ്റുകൾ എന്നിവയും ഇദ്ദേഹം പക്കലുണ്ട്. വിവിധ വിദേശരാജ്യങ്ങളിലെ പഴയതും പുതിയതുമായ നാണയങ്ങളും കറൻസികളും ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും സ്റ്റാമ്പുകളും ശേഖരത്തിന്റെ ഭാഗമാണ്.

ചരിത്രത്തോടും പുരാവസ്തുക്കളോടുമുള്ള താൽപര്യമാണ് ഈ അപൂർവ ശേഖരത്തിന്റെ പിന്നിൽ. കോഴിക്കോട് ആസ്ഥാനമായുള്ള ആർക്കിയോളജിക്കൽ അസോസിയേഷനിലെ സജീവസാന്നിധ്യം കൂടിയാണ് മഹേഷ് ചീക്കല്ലൂർ. കാലത്തിന്റെ അടയാളങ്ങൾ മായാതെ കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ശേഖരം, ചരിത്രാന്വേഷകർക്കും പഴയകാല സംഭവങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ കൗതുകമുണർത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *