തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിലെ മരണം: മാക്കുട്ടി റാവുത്തറെ 20ന് ജീവനോടെ കണ്ടെന്ന് മൊഴി; ദൃശ്യങ്ങൾ കൈമാറി

General

2026 നവംബർ 25 ബുധൻ

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച പാലക്കാട് സ്വദേശി മാക്കുട്ടി റാവുത്തറെ ഇരുപതാം തീയതി ജീവനോടെ കണ്ടിരുന്നതായി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി സൽമ മൊഴി നൽകി.

ഇരുപതാം തീയതി ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നും ഈ സമയം ശുചിമുറിയുടെ പരിസരത്ത് മാക്കുട്ടി നിന്നിരുന്നതായും സൽമ വ്യക്തമാക്കി. താൻ രോഗിയുമായി സംസാരിച്ചിരുന്നതായും അവർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും കൈമാറി.

കഴിഞ്ഞ 19-ആം തീയതിയാണ് പാലക്കാട് സ്വദേശിയായ മാക്കുട്ടി റാവുത്തറെ ആശുപത്രി വാർഡിൽ നിന്ന് കാണാതായത്. തുടർന്ന് 36 മണിക്കൂറിലധികം മൃതദേഹം ശുചിമുറിയിൽ ആരും ശ്രദ്ധിക്കാതെ കിടന്നു എന്നായിരുന്നു ആരോപണം. എന്നാൽ ശുചീകരണ തൊഴിലാളിയുടെ പുതിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇരുപതാം തീയതി ഉച്ചയ്ക്കുശേഷമാകാം രോഗി മരിച്ചതെന്നാണ് കരുതുന്നത്.

പാലക്കാട് ചിറ്റൂർ സ്വദേശിയായ മാക്കുട്ടി റാവുത്തറെ ഹൃദ്രോഗ ചികിത്സയ്ക്കായി നവംബർ 16നാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പത്തൊമ്പതാം തിയതി വ്യാഴാഴ്ച മുതൽ വാർഡിൽ നിന്ന് കാണാതായ ഇദ്ദേഹത്തിന്റെ മൃതദേഹം ഏകദേശം 36 മണിക്കൂറുകൾക്ക് ശേഷമാണ് വാർഡിലെ ശുചിമുറിയിൽ കണ്ടെത്തിയത്. രോഗിയെ കാണാതായതും 36 മണിക്കൂറോളം മരിച്ചത് അറിയാതെ പോയതും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നായിരുന്നു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *