വിമാനമിറങ്ങിയ ഉടൻ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ അടിയന്തര ഇടപെടല്‍, ആശങ്ക!

General

2026 നവംബർ 24 ചൊവ്വ

ഫ്രാങ്ക്ഫർട്ട്∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ രണ്ട് കോണ്ടോർ വിമാനങ്ങളിലെ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം. യാത്രക്കാരില്‍ 40 പേര്‍ക്കാണ് ഒരേസമയം ഛർദിയും ഓക്കാനവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ മെഡിക്കൽ സംഘം പരിശോധിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9.19ഓടെയാണ് വിമാനത്താവളത്തിൽ അടിയന്തര നടപടി ആരംഭിച്ചത്.

ലാ റൊമാനയിൽനിന്ന് എത്തിയ രണ്ട് വിമാനങ്ങളിലുമായി ഏകദേശം 620 യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടായതായി പരാതി ലഭിച്ചെന്നും വിമാനത്താവള അധികൃതരെ വിവരം അറിയിച്ചെന്നും കോണ്ടോർ എയർലൈൻസ് സ്ഥിരീകരിച്ചു. നോറോവൈറസ് ബാധിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ചില യാത്രക്കാർ കരീബിയൻ മേഖലയിൽനിന്ന് മടങ്ങുന്നതിന് മുൻപ് കപ്പൽയാത്ര നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, യാത്രക്കാർക്ക് അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിന് കപ്പൽയാത്രയുമായി ബന്ധമുണ്ടെന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരുടെ കൃത്യമായ എണ്ണവും പുറത്തുവരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *