വിഷരഹിത ഭക്ഷ്യോത്പാദനത്തിന് പ്രാധാന്യം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്

General

കൃഷി-ആരോഗ്യ മേഖലകളില്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും ആരോഗ്യസംരക്ഷണത്തിന് വിഷരഹിത ഭക്ഷ്യോത്പാദനത്തിന് പ്രാധാന്യം നല്‍കണമെന്നും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വകുപ്പ് രണ്ടുവര്‍ഷത്തെ റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിലെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനി സാന്നിധ്യവും മായവും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ ഓരോരുത്തരും തയ്യാറാകണം. മണ്ണുപരിശോധന നടത്തി പോഷകക്കുറവ് കണ്ടെത്തി ജൈവവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ജീവിതശൈലീ രോഗങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനത്തിന്റെയും പിന്തുണയോടെ വിവിധ പദ്ധതികള്‍ നടപ്പാക്കും. സെന്‍ട്രല്‍ ഗ്രാന്റില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള വികസനത്തിലൂടെ സ്ഥാപനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. സുനില്‍കുമാര്‍, നസീമ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലീലാമ്മ ജോസഫ്, ഇ.ആര്‍ പുഷ്പ, പി.പി രനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ജി ജെനിമോള്‍, സലാം നീലിക്കണ്ടി, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, കോട്ടത്തറ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനന്ദ് കുമാര്‍, വാര്‍ഡ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *