റിയാദ്: സൗദി അറേബ്യയിലെ വര്‍ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, അകാസ എയര്‍ എന്നിവയാണ് സര്‍വീസുകള്‍ കൂടുതല്‍ ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരു, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാരെ ഈ തീരുമാനം ബാധിക്കും.
സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികളും ഭീഷണികളും കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചത്. പുതിയ അറിയിപ്പ് അനുസരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒക്ടോബര്‍ 14 വരെയും എയര്‍ ഇന്ത്യ ഒക്ടോബര്‍ 15 വരെയും റിയാദിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. സാഹചര്യം കണക്കിലെടുത്ത് ആകാശ എയര്‍ റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള തങ്ങളുടെ സര്‍വീസുകള്‍ ഒക്ടോബര്‍ 11 വരെയും നിര്‍ത്തിവെച്ചു. മേഖലയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ഭീഷണിയുള്ള സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിക്കും മുന്‍പ് എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി നിര്‍ദ്ദേശം നല്കി.
കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ 16 സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം പ്രവാസി മലയാളികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക മുഴുവനായി തിരികെ നല്‍കുമെന്നും അധിക തുക ഈടാക്കാതെ യാത്രാ തീയതി മാറ്റി നല്‍കുമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുകയാണെന്നും വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ വ്യക്തമായ തീയതി പിന്നീട് അറിയിക്കുമെന്നും കമ്പനികള്‍ അറിയിച്ചു.