മൃഗസംരക്ഷണ മേഖലയിൽ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നവീകരിച്ച പേവിഷബാധ രോഗനിർണയ കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾക്ക് അനുസൃതമായി മൃഗസംരക്ഷണ മേഖലയിൽ മികച്ച മാറ്റങ്ങളാണ് വന്നത്. സർവകലാശാലയിൽ ആരംഭിക്കന്ന ഇന്റഗ്രേറ്റഡ് കോഴ്സുകളിലൂടെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഗവേഷണങ്ങൾ നടപ്പാക്കാൻ സർക്കാർ നേതൃത്വം നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രായോഗിക ബുദ്ധിയിലൂടെ വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ സർവകലാശാലകൾ നാടിന് അനിവാര്യമാണ്. പൂക്കോട് സർവകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്കും വിദ്യാർഥികളുടെ മുന്നേറ്റത്തിനും സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകു മെന്നും സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ ശാസ്ത്രജ്ഞരായി സേവനമനുഷ്ഠിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾ ക്യാമ്പസുകളിലും സമൂഹത്തിലും കണ്ട് വരുന്ന ലഹരി ഉപയോഗത്തെ ശക്തമായി എതിർക്കണം. സെ നോ ടു ഡ്രഗ്സ് സന്ദേശം ആർജ്ജവത്തോടെ പറയാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കണം. അക്കാദമിക വളർച്ചയ്ക്കൊപ്പം വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും കൗൺസിലിങ് സൗകര്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലൂറസെൻ്റ് മൈക്രോസ്കോപ്പ് ഉൾപ്പെടെ സ്ഥാപിച്ചാണ് പൂക്കോട് വെറ്ററിനറി കോളേജിലെ പേവിഷബാധ രോഗനിർണയ കേന്ദ്രം നവീകരിച്ചത്. നവീകരിച്ച ലാബോറട്ടറി വടക്കൻ കേരളത്തിലെ ഏകോപിത മൃഗാരോഗ്യ- പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടാകും.
വിദ്യാർത്ഥിനികളുടെ താമസ സൗകര്യത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും സർവകലാശാലയുടെ തനത് ഫണ്ടും ഉപയോഗിച്ച് രണ്ട് ഹോസ്റ്റലുകളാണ് വെറ്ററിനറി ക്യാമ്പസിൽ നിർമിച്ചത്. 43 മുറികളാണ് ഹോസ്റ്റലിലുള്ളത്.
വെറ്ററിനറി സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ. കെ.എസ് അനിൽ അധ്യക്ഷനായി. രജിസ്ട്രാർ പ്രൊഫ. സാബിൻ ജോർജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി രാജൻ, വാർഡംഗം രജനി രവീന്ദ്രൻ, സർവകലാശാല ഭരണസമിതി അംഗങ്ങളായ പ്രൊഫ. കെ.സി ബിപിൻ, സി.ആർ സന്തോഷ്, മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ പ്രൊഫ. സാനിസ് ജൂലിയറ്റ്, ഡോ. പി.ടി ദിനേശ്, സർവകലാശാല ഡയറക്ടർ ഓഫ് എൻ്റർപ്രണർഷിപ്പ് പ്രൊഫ. ടി.എസ് രാജീവ്, ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ, സർവകലാശാല എൻജിനീയർ എം.വി ശ്രീജിത്ത്, സി.ഡി.എസ് സ്പെഷ്യൽ ഓഫീസർ ഡോ. അർച്ചന ചന്ദ്രൻ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.