കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

General

വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്ര താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ച് കോടതി. ഒരു കോടി 77 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി സുധിയുടെ ആശ്രിതര്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ആണ് ഉത്തരവിട്ടത്.

14109840 രൂപയായിരുന്നു ട്രൈബ്യൂണല്‍ വിധിച്ചത്. കേസ് ഫയല്‍ ചെയ്ത ദിവസം മുതല്‍ തുക കെട്ടിവയ്ക്കുന്ന നാള്‍ വരെ 8.5 ശതമാനം പലിശയും കൂടെ ചേരുമ്പോഴാണ് 1.77 കോടിയാകുന്നത്. കോട്ടയം എംഎസിടി ജഡി പ്രസൂണ്‍ ആണ് ഉത്തരവിട്ടത്. കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യു ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി അറിയിച്ചു.

മലയാളികള്‍ക്ക് സുപരിചിതനായ താരമായിരുന്നു കൊല്ലം സുധി. 2023 ജൂണ്‍ 5 ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിക്കുന്നത്. സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സുധിയെ ആശുപത്രിയെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

മിമക്രി വേദികളിലൂടെയാണ് സുധി താരമാകുന്നത്. പിന്നീട് ടെലിവിഷനിലും സിനിമയിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി റിയാലിറ്റി ഷോകളിലും, ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *