രണ്ടക്ഷരങ്ങൾ ചേർത്തുവെച്ചെഴുതപ്പെട്ട വിശ്വ മഹാഗ്രന്ഥത്തിൻ്റെ പേരാണമ്മ. അതിൻ്റെ അധ്യായങ്ങളൊന്നൊന്നായി വായിച്ചു തീർക്കുക ശ്രമകരവും. എല്ലാ കർമ്മമണ്ഡലത്തിലും ഊർജ്ജമോ ഉൾപ്രേരണയോ ആയി അമ്മയുണ്ട് കൂടെ. നിഴലായി ,ഏതിരുളിലും വെളിച്ചമായി സുഖദു:ഖങ്ങളുടെ നിമ്നോന്നതങ്ങൾ താണ്ടി എത്തുമ്പോൾ നെടുവീർപ്പിനു പോലുമുണ്ട് അമ്മയുടെ സ്വരം.!
ഒരു ചരിത്രകാലത്ത് മാർഗ്ഗമോ ലക്ഷ്യമോ അറിയാതെ വന്നു ചേർന്നവർക്കെല്ലാം പകലും പാതിരയുമെന്ന വകവഭേദമില്ലാതെ വെച്ചുവിളമ്പിയ കുറെ അമ്മമാരെക്കുറിച്ചുള്ള മിഴി വെട്ടത്തു നിന്ന് മായാത്ത ഓർമ്മകളാണ് ഈ കുറിപ്പിന്നാധാരം.
ഒരാളൊഴികെ മറ്റാരുമിന്ന് ജീവിച്ചിരിപ്പില്ല..കാലം മായ്ക്കാത്ത ആ വർണ്ണചിത്രങ്ങൾ പക്ഷെ മനസ്സിൻ്റെ അകത്തളത്തിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. ഓർമകളുടെ ഇളം കാറ്റിൽ പാറിയെത്തുന്ന പരിമളമോ പരാഗമോ ആയി ഏതു കൂരിരുട്ടിലും നിമിഷാർദദ്ധം കൊണ്ട് മിന്നിത്തെളിയുന്ന വൈദ്യുത പ്രഭയായി അവർ മനസ്സിലുണ്ട്. ഉണർത്തുപാട്ടോ ആത്മ മന്ത്രമോ പോലെ ആ മാതൃബിംബങ്ങൾ..!
എഴുപതുകളുടെ അവസാന പകുതിയിൽ അടിയന്തരാവസ്ഥ പിൻ വലിക്കുകയും കലുഷമായ രാഷ്ട്രീയാന്തരീക്ഷം സ്വാഭാവിക ജനാധിപത്യ പ്രക്രിയയിലേക്ക് തിരികെ വരികയും ചെയ്ത സാഹചര്യത്തിൽ അതുവരെ അടിച്ചമർത്തപ്പെട്ടിരുന്ന നക്സലൈറ്റ് പ്രസ്ഥാനം പുനരുജ്ജീവനം തേടുകയായിരുന്നു. ജയിൽ മോചിതരായ നേതാക്കളും പ്രവർത്തകരും അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ നൽകിയ രാഷ്ടീയാവബോധത്തിൻ്റെ ഉണർവ്വിലും ആവേശത്തിലും ഗ്രാമങ്ങൾ തോറും പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിൽ വ്യാപൃതരായി.
ഈ ശ്രമങ്ങളുടെ ഭാഗമായാണ് മാനന്തവാടി, വെള്ളമുണ്ട, ചെറുകര ,പടിഞ്ഞാറത്തറ തുടങ്ങിയ പുതിയ താവള പ്രദേശങ്ങൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഞങ്ങളിൽ ചിലർ നിയോഗിക്കപ്പെട്ടത്.
ഗ്രത്ഥശാലാ പ്രസ്ഥാനവും കമ്യൂണിസ്റ്റ് യുക്തിവാദ ആശയഗതികളും നേരത്തെ വേരൂന്നിയ കുടുംബ സാഹചര്യങ്ങളിൽ നിന്നും വന്നവരായിരുന്നു ഞങ്ങളിലധികം പേരും. മധ്യ വർഗ്ഗകുടുംബ പശ്ചാത്തലവും തറവാടുകളും ഗ്രന്ഥാലയങ്ങളും നൽകിയ അനുകൂല സാഹചര്യങ്ങളും അന്നേ വരെ
വിനിമയം ചെയ്യപ്പെടാത്ത കാവ്യാത്മക മുദ്രാവാക്യങ്ങളും പ്രചരണ തത്രങ്ങളുമായി അക്കാലത്തെ രാത്രികളെ ഞങ്ങൾ പ്രഭാപൂരിതമാക്കി.കവിതയും തെരുവരങ്ങുകളും പുതു യുവത്വങ്ങൾ ക്കാവേശമായി.
ചെറുകരയിലെ റിനൈസ്സൻസ് ലൈബ്രറിയും തൊട്ടടുത്തുള്ള കിഴക്കെ വീട് തറവാടും ആ വീട്ടുകാർക്ക് പോലും തിരിച്ചറിയാനാവാത്ത വിധം ഞങ്ങളുടെ പുത്തനാശയങ്ങളുടെ ഒളിത്താവളങ്ങളായി.പുറമേ തെരുവു നാടകങ്ങളും കവിയരങ്ങുകളും ചെറിയ ചെറിയ സാമൂഹിക ഇടപെടലുകളും കൊണ്ട് പ്രത്യക്ഷത്തിൽ വിപ്ലവാശയങ്ങളുടെ പ്രചാരകരാണ് ഞങ്ങളെന്ന് പ്രഥമഘട്ടത്തിൽ തിരിച്ചറിയപ്പെട്ടിരുന്നില്ല.
കെ.ഗോവിന്ദനെപ്പോലെ ഉല്പതിഷ്ണുവായ ഒരാളുടെ ജന്മഗൃഹമെന്ന കിഴക്കേ വീടിൻ്റെ സാമൂഹ്യാഭിമുഖ്യം ഞങ്ങളുടെ പ്രവർത്തനങ്ങളെ തെല്ല് ആയാസരഹിതമാക്കി.ദിവസങ്ങൾ നീണ്ട ഞങ്ങളുടെ സൈദ്ധാന്തിക ചർച്ചകളും തയ്യാറെടുപ്പുകളും ഈ തറവാടിൻ്റെ വിശാലമായ അകത്തളങ്ങളിൽ ആലോസരങ്ങളോ സന്ദേഹങ്ങളോ ഏതുമില്ലാതെ നടന്നു പോന്നു.ഈ ദിവസങ്ങളിലെല്ലാം ഞങ്ങൾ നാലും അഞ്ചും പേരടങ്ങുന്ന ചെറുസംഘങ്ങൾക്ക് മൂന്നു നേരവും വെച്ചുവിളമ്പിയത് ഞങ്ങൾക്കൊപ്പമുള്ള പ്രേംരാജ് ചെറുകരയുടെയും സഹോദരൻ ഉണ്ണികൃഷ്ണൻ്റെയും അമ്മമാരായിരുന്നു. വീട്ടിനകത്തു നടക്കുന്ന രാഷ്ടീയാന്തർഗ്ഗതങ്ങൾ ഒന്നുമേ അവർക്കറിയുമായിരുന്നില്ല. സരസ്വതിയമ്മയും മീനാക്ഷിയമ്മയും ഏതോ വിശേഷ ദിനങ്ങളുടെ ഉത്സാഹത്തോടെ ഭക്ഷണമൊരുക്കി. വൈകാതെ
ചെറുകരയിൽ മറ്റൊരു വീടു കൂടി ഞങ്ങളുടെസങ്കേതമായി.. മൊടപ്പിലാവ് തറവാട് വിട്. കോൺഗ്രസ്സ് നേതാവും ബ്ലോക്ക് തല ഭാരവാഹിയു മായിരുന്ന എം.അച്ച്യുതക്കുറുപ്പിൻ്റെ തറവാട് വീട്. ഗായകനും സാംസ്കാരിക പ്രവർത്തകനുമായ അനുജൻ രാമചന്ദ്രൻ മുൻ നിരയിൽ ഞങ്ങൾക്കൊപ്പമുണ്ട്. ജനകീയസാംസ്കാരിക വേദിയുടെ സംസ്ഥാന കമ്മറ്റിയിൽ അയാൾ വയനാടിനെ പ്രതിനിധീകരിച്ചിരുന്നു. ഈ തറവാടു വീടിൻ്റെ മട്ടുപ്പാവിൽ പ്രമുഖ നക്സൽ നേതാവായ കെ.വേണു പങ്കെടുത്ത പാർട്ടി ജില്ലാ സമ്മേളനം വരെ നടക്കുക യുണ്ടായി എന്നത് ചെറുകരയിൽ ഇന്നു മാരുമറിയാത്ത രഹസ്യവാർത്തയാണ്.പാർട്ടി സമ്മേളനത്തിനു പുറമെ വർഷങ്ങളോളം സ്വന്തം വീടെന്ന പോലെ സമയാസമയങ്ങളിൽ വെച്ചുവിളമ്പിയ ഒരമ്മയും സഹോദരിയും ഈ വീട്ടിലുമുണ്ട്. മാധവി ഏച്ചിയും ജീവേച്ചിയും. മാധവി ഏച്ചി ഇന്നില്ല.ജീവേച്ചി ചുവടെയുള്ള ചിത്രത്തിലുമില്ല അന്ന് ഇരുവർക്കുമറിയില്ലായിരുന്നു സ്വന്തം സഹോദരനുൾപ്പെടെയുള്ളവർ വിടും നാടും കേന്ദ്രീകരിച്ചുനടത്തുന്ന രാഷ്ട്രീയ പ്രവർത്തത്തിൻ്റെ അപകടകരമായ പൊരുളും യാഥാർത്ഥവും.
പടിഞ്ഞാറത്തറയിലെത്തുമ്പോൾ പതിനാറാം മൈലിൽ മറിയക്കുട്ടി ചേട്ടത്തി എന്ന അമ്മച്ചിയുടെ കുന്നിൻചരിവിലെ പുല്ലുമേഞ്ഞ വീടുണ്ട്. .തൊമ്മി ചേട്ടനും സഹോദരൻ മാത്യു സുമാണ് ആ വിനീത ഭവനത്തിലെ കുടുംബാംഗങ്ങൾ. മാത്യുഞങ്ങൾക്കൊപ്പം പ്രസ്ഥാനികൻ. അമ്മച്ചി വിളമ്പുന്ന ചണ്ടൻ കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിയും വിപ്ലവത്തിൻ്റെ പ്രേരകശക്തിയായി ഇന്നുമുണ്ട് നാവിൽ.
പടിഞ്ഞാറത്തറയിൽ കാവര തറവാടും വല്ലരഞ്ഞിത്തറവാടും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടുറങ്ങിത്താമസിക്കാനുള്ള സുരക്ഷിത താവളങ്ങൾ തന്നെ.
തീർന്നില്ല വിപ്ലവ വിശേഷങ്ങൾ തരുവണയിലെത്തിയാൽ മീത്തലെ പള്ളിയാൽ തറവാടിൻ്റെ മട്ടുപ്പാവും മറ്റൊരൊളിയിടം. പ്രസ്ഥാനവുമായി ബന്ധപ്പെട്ടസഹയാത്രികരായി അവിടെ യാരുമില്ലെങ്കിലും കേണിച്ചിറ മഠത്തിൽ മത്തായി ഉന്മൂലനക്കേസ്സിൽ പ്രതി ചേർക്കപ്പെട്ട ഈ ലേഖകൻ്റെ സുരക്ഷിതത്വമേറ്റെടുക്കാൻ സന്നദ്ധരായി പളളിയാൽസൂപ്പിയും നാസ്സറും നൗഷാദു മുണ്ട്. മേലെ വീട്ടിൽ യശ:ശ്ശരീരനായ ബായിക്കയും. അവർക്കുള്ളതിൽ നിന്നും ഒട്ടും കുറവില്ലാത്ത പരിഗണനകളോടെ ഉമ്മ ഈ ലേഖകനും അവിടെ ഒളിയിടം തരപ്പെടുത്തി.ഉണ്ടുറങ്ങി.നേരത്തെ അറിഞ്ഞ ഉമ്മയുടെ കൈപ്പുണ്യം അനുഗ്രഹവർഷമായി ചൊരിഞ്ഞ ഒളിവിലെ ഓർമ്മകൾ ഇന്നുമുണ്ട് രസനയിൽ-.
മാനന്തവാടിയിൽ എത്തിയാൽ തോണിച്ചാലിലെ കുഴി വേലിത്തറവാടാണ് മറ്റൊരു തണലും താവളവും.സോഷ്യലിസ്റ്റ് ആശയഗതിക്കാരനായ കുഴിവേലി ജോർജ്ജേട്ടന് പക്ഷേ ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തിരിച്ചറിയാനെളുപ്പമായിരുന്നു. ജനാധിപത്യപരമായ വിയോജിപ്പുകൾ രേഖപ്പെടുത്താനും അപ്പോഴും മകൻ വിജയനുൾപ്പെടെ ഞങ്ങൾക്ക് നക്സ ലൈറ്റാശയക്കാരായിത്തുടരാനുള്ള ആശയപരമായ അവകാശം അഗീകരിക്കാൻ മാത്രം ജനാധിപത്യവാദിയുമായിരുന്നു അദ്ദേഹം.പല സഖാക്കളും ആ വീടിലെ അന്നത്തെ പരിമിത സൗകര്യങ്ങളിൽ പങ്കാളിയായി ഭക്ഷണവും താവളവും കണ്ടെത്തി. കുഞ്ഞമ്മ പരിഭവമേതു മില്ലാതെ ഊരും പേരു മറിയാത്തവരോടു പോലും എന്നും ഉദാരമതി യായി.
വെള്ളവുണ്ടയിൽ ഈ ലേഖകൻ്റെ തറവാടും നക്സൽ മൂവ്മെൻ്റിൽ ചെറുതല്ലാത്ത പങ്കാളിത്തം വഹിച്ച ഒരിടം തന്നെ. യാഥാസ്ഥിതിക മുസ്ലിം തറവാടുകളുടെ പരിമിത വൃത്തത്തിനകത്ത് നിരക്ഷരയും യൗവ്വനം തീരുംമുമ്പെ വിധവയുമായിത്തീർന്ന ഒരുസ്തീ ,സ്വന്തം മകൻ തിരഞ്ഞെടുത്ത തീവ്ര രാഷ്ടീയ നിലപാടുകളോട് സഹിഷ്ണുതാപൂർവ്വമാണ് ഒത്തു പോയത്.പല ഘട്ടങ്ങളിലും പോലീസ് ഭീഷണികളെ ധീരമായി നേരിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്.
“കൃസ്തുവിൻ്റെ അന്ത്യ പ്രലോഭനങ്ങൾ “എന്ന നാടകത്തിലൂടെ വിവാദ പുരുഷനായിത്തീർന്ന യശശ്ശരീരനായ PM .ആൻറണി, സുബ്രഹ്മണ്യ ദാസ് തുടങ്ങിയ നക്സലൈറ്റ് ആശയഗതിക്കാരായ ബുദ്ധിജീവികളെയും കലാകാരന്മാരെയും മാസങ്ങളോളം വീട്ടിൽ താമസിപ്പിച്ച് സംരക്ഷിച്ചു പോന്ന ചരിത്രം കൂടിയുണ്ട് പാത്തു ഹജ്ജുമ്മ എന്ന എൻ്റെ ഉമ്മയ്ക്ക്.
ഈ ചരിത്ര കഥകളുടെ പരാവർത്തനം കൊണ്ട് ലക്ഷ്യമിടുന്നത് ഒന്നു മാത്രമാണ് .സ്വന്തം മക്കൾ സ്വേച്ഛാ സ്വീകരിച്ച അതിതീവ്രമായ രാഷ്ട്രീയ നിലപാടുകളൂടെ അപകട സ്വഭാവമോ പ്രത്യാഘാതമോ പരിഗണിക്കാതെ സങ്കുചിതമായ എല്ലാ ജാതി മത ചിന്തകൾക്കുമതീതമായി മനുഷ്യൻ എന്ന ഉദാത്ത സങ്കല്പത്തിലേക്ക് വളരാൻ അക്കാലം ഈ അമ്മമാർക്ക് തടസ്സമായില്ല എന്ന ഓർമ്മപ്പെടുത്തലിനു കൂടിയാണ്. അകലങ്ങളിലെവിടെയോ ഇടിമുഴക്കം സൃഷ്ടിക്കാനും ചിന്തകൾക്ക് തീ കൊളുത്താനുംമനുഷ്യവിമോചന സ്വപ്നങ്ങളെ താലോലിക്കാനും ചിലരെയെങ്കിലും നിർബന്ധിക്കാൻ ഈഅമ്മമാർവെച്ചുവിളമ്പിയ അന്നവും വാത്സല്യവും നിമിത്തമായിരിക്കാം. നാലു പതിറ്റാണ്ടിനപ്പുറത്തെ ലാവാപ്രവാഹങ്ങൾ എന്നോ തണുത്തുറഞ്ഞുi പകൽക്കിനാവുകൾക്ക് ഇന്ന് വർണ്ണപ്പൊലിമയില്ല. കാലം സ്വപ്നങ്ങളെ മാറ്റി വരയ്ക്കും ,ചിന്തകളുടെ ഋതുക്കൾ ഇലപൊഴിക്കും. ചരിത്രം വഴി നിർണ്ണയിക്കുന്നത് മനുഷ്യ ഭാവനകൾക്കപ്പുറത്തുള്ള മറ്റേതോ രഥ്യകളിലൂടെയാണ്. അപ്പോഴും ഒന്ന് മാത്രം ബാക്കിയാവുന്നു. ആത്മബന്ധത്തിൻ്റെ സ്വർണ്ണനൂലുകളാൽ തൂന്നിച്ചേർത്ത ഒളിമങ്ങാത്ത സ്നേഹവായ്പ്പ്. ശേഷിക്കുന്നത് അതു മാത്രം.
എല്ലാ സൽഫലങ്ങൾക്കും ഊർജ്ജം പകർന്ന പുണ്യജന്മങ്ങളെ നന്ദിയോടെ സ്മരിക്കട്ടെ
ആ തൃപ്പാദങ്ങളിൽ പ്രണാമം.
ടി.കെ.ഇബ്രാഹിം