നിർണായക നീക്കവുമായി TMC: തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു

General

പശ്ചിമ ബംഗാളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് എക്സിൽ അറിയിച്ചു. എല്ലാ തലങ്ങളിലും വിശദമായ ആത്മപരിശോധനയും വിലയിരുത്തലും നടത്തുമെന്നും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. പുറത്താക്കപ്പെട്ട പാർട്ടി നിയമസഭാംഗം ഋതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് 58 ഓളം ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടത്.

“പാർട്ടി അതിന്റെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികളെ പുതിയ വീര്യത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടാൻ സജ്ജമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്,” തൃണമൂൽ കോൺ​ഗ്രസ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. മറ്റൊരു രാഷ്ട്രീയ നാടകത്തിന്റെ വേദിയാകുകയാണ് പശ്ചിമബംഗാൾ. ടിഎംസി പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ് ആക്കാൻ ഒരു കൂട്ടം വിമത എംഎൽഎമാർ കരുനീക്കം തുടങ്ങിയെന്നാണ് വിവരം.

എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലുമായി രഹസ്യ യോഗങ്ങൾ,പാർട്ടിയെ പിളർത്തി മറ്റൊരു ഔദ്യോഗിക ടിഎംസി രൂപീകരിക്കാൻ അണിയറയിൽ നീക്കം. ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവ് ആക്കാൻ 50 ലധികം വിമത ടിഎംസി എംഎൽഎമാരുടെ പിന്തുണയുണ്ട് എന്നാണ് വിമത കേന്ദ്രങ്ങളുടെ അവകാശവാദം.ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *