തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിച്ചു വരികയാണ് കേന്ദ്ര സർക്കാർ.
അത് പിന്തുടരുകയാണ് യുഡിഎഫ് സര്‍ക്കാര്‍. കോലീബി കാലംതൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ചു. ഭരണത്തിൽ എത്തിയപ്പോൾ ആ ബന്ധം കൂടുതലായി തുടരുന്നു. പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടികളെന്നത് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഇഡിക്ക് ലഭിച്ച ഓരോ മൊഴികളും ഒന്നൊഴിയാതെ പിൻവലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ശ്രമമാണ് നടക്കുന്നത്. സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിലുണ്ട്.
എന്തിനാണ് പണം വാങ്ങിയത് എന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് ഫണ്ട് എന്നാണ് പറഞ്ഞത്. എന്നാല്‍, 20000 രൂപയില്‍ കൂടുതലുള്ള പണം അക്കൗണ്ട് വഴിയെ വാങ്ങാവൂ. ഇഡി ശുപാര്‍ശയിലുള്ള അന്വേഷത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. രാഷ്ട്രീയ വേട്ടയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐഎം സംസ്ഥാന വ്യാപകമായി ഇന്ന് വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
പവർകട്ട് വലിയ പ്രയാസം ഉണ്ടാക്കുന്നു. സെപ്റ്റംബർ 15നകം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതാണ്. ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നു. മരുന്നുകൾ കിട്ടാനില്ല.ചികിത്സാ പിഴവുകളുടെ ഘോഷയാത്ര തന്നെ നടക്കുന്നു. മാധ്യമങ്ങൾക്കെതിരെ സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി അടിയന്തരാവസ്ഥക്കാലത്ത് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
മാനേജ്‌മെന്റുമായുള്ള തർക്കത്തിൽ പാർട്ടി ഇടപെടുന്നില്ല. എന്നാൽ എഡിറ്റോറിയൽ മുറിയിൽ നേരിട്ട് പോലീസ് എത്തി ഫോൺ പിടിച്ചു വാങ്ങുന്നത് കേട്ട് കേൾവില്ലാത്ത കാര്യം.കെഎം ഷാജിയുടെ ആഡംബര കാർ യാത്ര പ്രോട്ടോകോൾ ലംഘനവും നിയമവിരുദ്ധവും. സർക്കാരിന് ലാഭം ഉണ്ടാക്കുമെന്നാണ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്.