പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം

General

കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിച്ചിരിക്കുന്നത് ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട് കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല. തുടർന്നാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി ജാമ്യം അനുവദിച്ചത്.

വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച കേസില്‍ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അറസ്റ്റിലായത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസികൂഷന്‍ വാദം. ആന്റോ അഗസ്റ്റിന്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിയെ ഒരുദിവസം കസ്റ്റഡിയില്‍ ലഭിച്ചില്ലേയെന്നും, തൊണ്ടിമുതല്‍ കണ്ടെടുത്തല്ലോയെന്നും കോടതി ചോദിച്ചു.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം.

എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *