ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റേത് ആണ് പ്രഖ്യാപനം. 20000 വീസയാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതി. മൂന്ന് ദിവസം അബുദാബിയില്‍ താമസിക്കണം. അതുപോലെ തന്നെ ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റും നിര്‍ബന്ധമാണ്.
പദ്ധതിയില്‍ പങ്കാളികളായ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ അബുദാബിയിലേക്ക് അവധിക്കാല യാത്ര ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ ആനുകൂല്യത്തിന് യോഗ്യരാണ്.
അര്‍ഹമായ ബുക്കിംഗുകള്‍ക്കുള്ള യുഎഇ എന്‍ട്രി വിസയുടെ മുഴുവന്‍ ചെലവും ഡിസിടി അബുദാബി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം – അബുദാബി ) വഹിക്കും. ഇത് എമിറേറ്റ്‌സിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ ചിലവുകള്‍ കുറയ്ക്കും.
ഇന്ത്യ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നായി തുടരുന്നുവെന്ന് ഡിസിടി അബുദാബി ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് അബ്ദുല്ല യൂസഫ് പ്രതികരിച്ചു. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അബുദാബി കൂടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒരിടമാക്കി മാറ്റുന്നതിനായി തങ്ങളുടെ യാത്രാ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.