സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി; ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

General

കാസര്‍ഗോഡ് എല്‍പി വിദ്യാര്‍ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി വിവാദത്തില്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍. പള്ളത്തടുക്ക എയുപി സ്‌കൂളിലെ ഗുരുപ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. ചോദ്യം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാനും വകുപ്പുകാല അന്വേഷണത്തിനും ആണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്.

കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ എല്‍പി തലത്തില്‍ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.
ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി ഡി സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്. ടൈ ബ്രേക്കര്‍ ചോദ്യമയാണ് ഇത് ഉള്‍പ്പെടുത്തിയത്. ചോദ്യം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ബോധപൂര്‍വമുള്ള ചരിത്ര വളച്ചൊടിക്കലാണിതെന്നും ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ വിവാദ ചോദ്യോത്തരം പുറത്ത് വന്നപ്പോള്‍ എംഎസ്എഫ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *