തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. അപകടത്തിന്റെ കാരണം എന്താണെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച പാടില്ല. വെടിക്കെട്ടുകൾ കരുതലോടെ നടത്താൻ വേണ്ട നടപടികൾ വേണമെന്ന് എല്ലാകാലത്തും ആവശ്യപെട്ടിട്ടുള്ളതാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ആചാരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് വേണ്ടെന്ന് പറയാൻ താൻ ആളല്ല. പക്ഷെ ഒരിക്കലും സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്‌ത് ഒന്നും ഉണ്ടാകാൻ പാടില്ല. ഒരു അനുഭവം വരുമ്പോഴാണ് പാഠം ആകുന്നത്. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങൾ ആവർത്തിക്കരുതെന്ന ദൃഢനിശ്ചയമാണ് വേണ്ടത് അദ്ദേഹം പറഞ്ഞു.
അതേസമയം, വെടിക്കെട്ടുപ്പുര അപകടത്തിൽ മരണം 14 ആയി. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ മരണത്തിന് കീഴടങ്ങി. മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് പേരെയാണ്. 5 പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.DNA പരിശോധനയ്ക്കായി വിദഗ്ധ സംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. ചികിത്സയിലുള്ള 12 പേരിൽ 4 പേരുടെ നില ഗുരുതരമാണ്. കാണാതായ നാല് പേരെ തേടി ബന്ധുക്കൾ ആശുപത്രിയിൽ തുടരുകയാണ്.