വാൽപ്പാറ അപകടം; ട്രാവലർ ഡ്രൈവറെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും

General

വാൽപ്പാറ വാഹനാപകടത്തിൽ പരുക്കേറ്റ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസിനെ കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് മാറ്റും. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്ന ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുന്നത്. ഫായിസുമായി ആംബുലൻസ് കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ടു. കോട്ടക്കൽ ചൂനൂർ സ്വദേശിയായ ഫായിസിനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് പെരിന്തൽമണ്ണയിലെക്ക്‌ മാറ്റുന്നത്.

അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്കൂളിലെ ഡ്രൈവർ നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നൗഷാദിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. പരുക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തിൽ മരിച്ച ഷക്കീല ടീച്ചറുടെ മകളാണ് മസ്നീൻ. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മസ്നീൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ നാലുദിവസമായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച ട്രാവലർ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *