കാവേരി നദീജല തര്‍ക്കത്തില്‍ നിലപാടിലുറച്ച് കര്‍ണാടക. വെള്ളം വിട്ടുനല്‍കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കര്‍ണാടകയിലെ ജനങ്ങളുടെ താത്പര്യത്തിന് മാത്രം മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. തര്‍ക്കത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടുവിലെ അണക്കെട്ട് നിര്‍മാണം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ കക്ഷിയോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം യോഗത്തിനെത്തി. കര്‍ണാടകയിലെ എല്ലാ പാര്‍ട്ടികളും കാവേരിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. പ്രധാന പരിഗണന കുടിവെള്ളത്തിനാണ്. ഇതിനായി 40 ടി എം സി വെള്ളം ശേഖരിച്ചു വെക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാവേരി വിഷയത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടുവിലെ അണക്കെട്ട് നിര്‍മാണമാണ്. ഇതിന്റെ ഗുണഫലം കൂടുതല്‍ അനുഭവിക്കുക തമിഴ്നാടാണ്. ഇക്കാര്യങ്ങള്‍ തമിഴ്നാടിനെ ബോധ്യപ്പെടുത്തും. ഇരു സംസ്ഥാനങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
3500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേയ്ക്ക് നല്‍കണമെന്ന കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം തുടരുകയാണ്. കേരളത്തില്‍ മഴ കനത്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ ഡാമുകളിലേയ്ക്ക് നീരൊഴുക്ക് വര്‍ധിച്ചു. ഇതോടെ, കര്‍ണാടക തമിഴ്നാട്ടിലേയ്ക്ക് വെള്ളം തുറന്നുവിട്ടു. ആഗസ്റ്റ് 13ന് പ്രഖ്യാപിച്ച സംസ്ഥാന ബന്ദ് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.