‘ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ കൊണ്ട് കാല്‍പാദത്തില്‍ അടിച്ചു’; 13 കാരിയുടെ വ്യാജ പീഡന പരാതിയെ തുടര്‍ന്ന് പൊലീസ് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്

General

പത്തനംതിട്ട കൂടലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്. കൂടല്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഇരുപതുകാരന്‍ പറഞ്ഞു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ ഉപയോഗിച്ച് കാല്‍പാദത്തില്‍ അടിച്ചെന്ന് യുവാവ് പറഞ്ഞു. തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടും തന്റെ അനിയനെ പൊലീസ് കുറ്റക്കാരനാക്കാന്‍ ശ്രമിച്ചതായി ഇരുപതുകാരന്റെ സഹോദരന്‍ പറഞ്ഞു.

തന്റെ കാല്‍വെള്ളയില്‍ വടികൊണ്ട് അടിച്ചുവെന്ന് യുവാവ് പറഞ്ഞു. കാലിന് മുകളില്‍ ബൂട്ടിട്ട് ചവിട്ടി. ചെവിയില്‍ പിടിച്ച് വലിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. രാവിലെ എണീക്കാന്‍ പോലും പറ്റിയില്ല. പിടിച്ചുകൊണ്ടുപോകുമ്പോള്‍ എന്താണ് കേസെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു – യുവാവ് പറഞ്ഞു.

ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചവരാണ് തങ്ങളെന്ന് യുവാവിന്റെ സഹോദരന്‍ പറഞ്ഞു. അവനെ ഉപദ്രവിച്ചിട്ടുണ്ട്. ബൈപ്പാസിന്റെ സര്‍ജറി കഴിഞ്ഞതായിരുന്നു അവന്. ഒന്നും ചെയ്യല്ലേ എന്ന് കുറേ തവണ പറഞ്ഞതാണ്. അതൊന്നും കേള്‍ക്കാതെയായിരുന്നു ഉപദ്രവം – സഹോദരന്‍ പറഞ്ഞു.

സംഭവത്തില്‍, കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിക്കും. കൊടുമണ്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *