എഥനോൾ വിവാദം; ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി കർണാടക സർക്കാർ, ‘എണ്ണ കമ്പനികൾ തലയൂരാൻ ശ്രമിക്കുന്നു’

General

2026 നവംബർ 9 തിങ്കൾ

ബെംഗളൂരു: സംസ്ഥാനത്ത് അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന തങ്ങളുടെ കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് കർണാടക സർക്കാർ. ഏഴ് ജില്ലകളിൽ നിന്നുള്ള പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതായും ഭൂരിഭാഗം സാമ്പിളുകളിലും 20 ശതമാനത്തിൽ കൂടുതലും, ചിലതിൽ 31.2 ശതമാനം വരെയും എഥനോൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്നാണ് കർണാടക സർക്കാരിന്റെ റിപ്പോർട്ട്. ഈ കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ മന്ത്രി റിസ്വാൻ അർഷാദ് E20 ഇന്ധനമെന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന് വിരുദ്ധമാണിതെന്നും ചൂണ്ടിക്കാട്ടി. പെട്രോളിൽ എണ്ണ വിതരണ കമ്പനികൾ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കൂട്ടിച്ചേർക്കുന്നുണ്ടെന്നും ഇത് വാഹനങ്ങളുടെ എൻജിനുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുമെന്നും സാധാരണക്കാരന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. ഇത് ചില ഔട്ട്ലെറ്റുകളുടെമാത്രം പ്രശ്നമാണെന്ന് പറഞ്ഞ് എണ്ണ കമ്പനികൾ തലയൂരാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലാവരുടെയും മുന്നിലാണ് കാര്യങ്ങൾ റെക്കോർഡ് ചെയ്തത്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ ആരാണ്, റീട്ടെയിൽ ഔട്ട്ലെറ്റിന്റെ പേര്, സാമ്പിളിന്റെ ഗുണനിലവാരം, തീയതി, ഡീലർ, ട്രാൻസ്പോർട്ടർ, അംഗീകൃത പ്രതിനിധി എന്നിവരുടെ പേരുകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങൾ സ്വന്തം നിലയ്ക്കുമാത്രം സാമ്പിളുകൾ ശേഖരിച്ചതല്ല. നിയമപരമായ നടപടിക്രമങ്ങൾ ഞങ്ങൾ പാലിച്ചിട്ടുണ്ട്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള NABL അംഗീകൃത ലബോറട്ടറികളിലേക്കാണ് ഞങ്ങൾ സാമ്പിളുകൾ അയച്ചത്. ലാബുകൾ NABLഅംഗീകൃതമല്ലെന്നാണ് അവർ അവകാശപ്പെടുന്നത്, അത് തെറ്റാണ്. ഞങ്ങൾ സാമ്പിളുകൾ ശേഖരിച്ച് അയക്കുകമാത്രമല്ല ചെയ്തത്, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുകയും എല്ലാ സാമ്പിൾ കണ്ടെയ്നറുകളിലും ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇവിടെ പ്രതിയും വിധികർത്താവും ഒരേ ആളാണ്. ഞങ്ങളുടെ സാമ്പിളിങ് രീതി തെറ്റാണെന്നാണ് അവർ അവകാശപ്പെടുന്നത്, എന്നാൽ സാങ്കേതികമായ വിശദീകരണം ചോദിക്കുമ്പോൾ അവർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണ്. അവർ കണക്കുകളൊന്നും നൽകിയിട്ടില്ല. വെള്ളം ചേർത്താൽ എഥനോളും പെട്രോളും വേർതിരിഞ്ഞുപോകുമെന്നതിനാൽ, പെട്രോൾ പരിശോധിക്കാൻ ഞങ്ങൾ ലളിതമായ ഒരു പരിശോധനയാണ് (water-based test) ഉപയോഗിക്കുന്നത്. ഈ പരിശോധന തെറ്റാണെന്നാണ് അവർ പറയുന്നത്, എന്നാൽ ഞങ്ങൾ ഒരു ഉത്തരവാദപ്പെട്ട സർക്കാരാണ്’ കർണാടക മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനംവരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കർണാടക സർക്കാർ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ, ലീഗൽ മെട്രോളജി വകുപ്പുകൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. അതേസമയം പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് , ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് , ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവർ കർണാടക സർക്കാരിന്റെ അവകാശവാദം തള്ളിക്കളഞ്ഞിട്ടുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയവും ആരോപണം തള്ളി. 27 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊതുമേഖലാ എണ്ണ വിതരണ കമ്പനികളിൽ നിന്ന് ശേഖരിച്ച 893, E20 പെട്രോൾ സാമ്പിളുകളും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും അറിയിച്ചു. ഇതിനിടെ കർണാടകയിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പമ്പുകളിലും സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *