സാമൂഹ്യ പഠനമുറികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

General

വൈത്തിരി താലൂക്കിലെ ഒൻപത് സാമൂഹ്യ പഠനമുറികളിലെ 200 ഗോത്രവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ രാജീവ് നഗർ പഠനമുറിയിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വിതരണോദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കാവുംമന്ദം കള്ളംത്തോട് വീട്ടിൽ എസ്. സനയെ 10,000 രൂപയുടെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോംറ്റ്ടെക്ക് കമ്പനിയുടെ സഹകരണത്തോടെയാണ് സാമൂഹ്യ പഠനമുറികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

ഗോത്രവർഗ മേഖലകളിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജൻബാഗീദാരി അഭിയാൻ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധനകളും അനുബന്ധ സേവനങ്ങളും പരിപാടിയിൽ ലഭ്യമാക്കി. ജനറൽ ഹെൽത്ത് ചെക്കപ്പ്, ജീവിതശൈലി രോഗ നിർണയ സ്ക്രീനിങ്, സിക്കിൾ സെൽ അനീമിയ പരിശോധന, ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ് ഹെൽത്ത് കാർഡുകളുടെ വിതരണം, ആധാർ, ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന രേഖകൾ ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കിയിരുന്നു. മെയ് 23ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് ഉന്നതിയിലും ജൻബാഗീദാരി അഭിയാൻ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കും.

ഗോത്രവർഗ മേഖലകളിൽ വിവിധ സർക്കാർ സേവനങ്ങൾ പൂർണതോതിൽ ലഭ്യമാക്കുക, ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുക, ആദി സേവാ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക എന്നിവയാണ് മെയ് 18 മുതൽ 25 വരെ നടക്കുന്ന ജൻ ബാഗീദാരി അഭിയാൻ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത അധ്യക്ഷയായ പരിപാടിയിൽ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അജീഷ്മ, ഗ്രാമ പഞ്ചായത്ത് അംഗം ജോൺ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ജി പ്രമോദ്, പ്രോംറ്റ്ടെക്ക് ഗ്ലോബൽ ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എബി എബ്രഹാം, മെച്ചന ഗവ. എൽ. പി സ്കൂൾ സീനിയർ അസിസ്റ്റന്റ് അരുൺ പ്രകാശ്, പിണങ്ങോട് ടി.ഇ.ഒ ഡി. വിനിഷ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *