കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് കൽപ്പറ്റ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിൻ്റെ രണ്ടാം ദിന പ്രചാരണത്തിന് തുടക്കമായത്. തങ്ങളെ നേരിൽ കാണാൻ തൊഴിലിടത്തിലെത്തിയ പ്രിയ സ്ഥാനാർത്ഥിയെ അവർ ഊഷ്മള വരവേൽപ്പ് നൽകി സ്വീകരിച്ചു. തങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന് ഉറപ്പും അവർ നൽകി. സ്ഥാനാർത്ഥിയുടെ കൈ ചേർത്തുപിടിച്ച് അവരുടെ സ്നേഹം പങ്കുവെച്ചു. മൂപ്പൈനാട്, നെടുംകരണ, റിപ്പൺ തുടങ്ങിയ തോട്ടം മേഖലയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണം. പല ഇടങ്ങളിലും തൊഴിലാളികൾ സ്നേഹത്തോടെ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്. കരുതൽ ഒരുക്കിയ സർക്കാരിൻറെ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും , തങ്ങളുടെ വേദന വർദ്ധിപ്പിച്ചത് ഉൾപ്പെടെ കാര്യങ്ങൾ അവർ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. രാവിലെ മേപ്പാടി വിംസ് ആശുപത്രിയിലെ ജീവനക്കാരെ സന്ദർശിച്ചും സമീപത്തെ ഓട്ടോ സ്റ്റാൻഡുകളിലും പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ച് സ്ഥാനാർത്ഥി പിന്തുണ തേടി. വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി. ഗഗാറിൻ, എൽഡിഎഫ് നേതാക്കളായ യു. കരുണൻ, പി.സി. ഹരിദാസ്, ബി. കേശവൻ, ജോളി സ്കറിയ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം വിവിധ ഇടങ്ങളിൽ പ്രചരണത്തിൽ ഉണ്ടായിരുന്നു.