2026 നവംബർ 2 തിങ്കൾ
കോട്ടയം∙ മുണ്ടക്കയം ചോറ്റിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. കാറോടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോണിനെതിരെ (27) മുണ്ടക്കയം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും കണ്ണടച്ച് വാഹനം ഓടിച്ചെന്നും ഷാരോൺ പൊലീസിനോട് പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരുടെ പരാതിയിലാണ് ഷാരോണിനെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഷാരോൺ ഓടിച്ച കാർ എതിരെ വന്ന കാറിൽ ഇടിച്ചു. പിന്നീട് മൂന്നു കാറുകളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചു.
അപകടത്തിൽ വഴിയാത്രക്കാരൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ പരുക്ക് സാരമുള്ളതാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഷാരോൺ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം സാധാരണ വാഹനാപകടമെന്നാണ് കരുതിയത്. സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് ബോധപൂർവം നടത്തിയ കൃത്യമാണെന്ന് വ്യക്തമായത്. വാഹനം അതിവേഗത്തിൽ ഓടിച്ചെത്തി മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറ്റാൻ മനഃപ്പൂർവം ശ്രമിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)