സസ്‌പെൻഷൻ നടപടി ചോദ്യം ചെയ്ത് എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും

General

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിലെ സസ്‌പെൻഷൻ നടപടി ചോദ്യം ചെയ്ത് ADGP എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്പെൻഷൻ എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകുക. അടുത്തയാഴ്ചയാകും ഹർജി നൽകുക. എറണാകുളത്തെ തന്റെ അഭിഭാഷകനെ അജിത്കുമാർ ബന്ധപ്പെട്ടു.

അന്വേഷണ അട്ടിമറിയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ആർ.അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.നിയമവിരുദ്ധമായ ഇടപെടൽ നടത്തിയിട്ടില്ല എന്നാണ് അജിത് കുമാറിന്റെ നിലപാട്.ആദ്യ അന്വേഷണസംഘത്തിലെ 3 ഡിവൈഎസ്പിമാർ,എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐ മാർ എന്നിവർക്കെതിരെയും വൈകാതെ തന്നെ നടപടി ഉണ്ടായേക്കും . ഇവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.

അതേസമയം, അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകിയേക്കില്ല. ഇതോടെ 31ന് ഒഴിവുവരുന്ന ഡിജിപി സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കേണ്ടന്നും തീരുമാനം. നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാണ് പുതിയൊരാൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരുന്നത്. അജിത് കുമാർ കഴിഞ്ഞാൽ ജയിൽ മേധാവിയായ എസ്.ശ്രീജിത്തിനാണ് സ്ഥാനക്കയറ്റം ലഭിക്കേണ്ടത്. അജിത് കുമാർ നിയമ പോരാട്ടത്തിന് പോയാൽ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് തത്ക്കാലം ആർക്കും ഇപ്പോൾ പ്രമോഷൻ നൽകേണ്ട എന്ന് ആലോചിക്കുന്നത്. നിയമോപദേശത്തിനു ശേഷം ആയിരിക്കും അന്തിമ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *