സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ‘ഫ്‌ളവര്‍ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയ മുറ്റത്ത് ഇരുനൂറോളം സൂര്യകാന്തി ചെടികള്‍ നട്ടുകൊണ്ടാണ് ക്യാമ്പസില്‍ വസന്തമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി സ്‌കൂളില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ഗ്രീന്‍ ക്യാമ്പസ്, ഫ്രൂട്ട് ക്യാമ്പസ്, ഫ്‌ളവര്‍ ക്യാമ്പസ് പദ്ധതികളുടെ ഭാഗമായാണ് സൂര്യകാന്തി തോട്ടത്തിന്റെ നിര്‍മ്മാണം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ചെടിച്ചട്ടികളും തടങ്ങളും ഒരുക്കിയത്.
നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ ഷിഫാനത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ അബ്ദുല്‍ നാസര്‍, എച്ച്.എം ബിജി വര്‍ഗീസ്, എന്‍.എസ്.എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സുനിത ഇല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.