ഇഎംഐ വര്‍ധിക്കില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

General

ന്യൂഡല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പണ, വായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വായ്പ എടുക്കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് 5.25 ശതമാനമായി തുടരും. ഇറാന്‍ യുദ്ധം മൂലമുണ്ടായ ഊര്‍ജ പ്രതിസന്ധി, അസംസ്‌കൃത എണ്ണ വില വര്‍ധന, എല്‍ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യ വിലക്കയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം. രൂപയുടെ മൂല്യം നിലനിര്‍ത്തുന്നതിനും കടപ്പത്ര ആദായം നിയന്ത്രിക്കുന്നതിനുമാണ് റിസര്‍വ് ബാങ്ക് ഊന്നല്‍ നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇതിന് മുമ്പ് റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമാക്കിയത്. ഫെബ്രുവരിയിലെ യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരിയിലെ കണക്ക് പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം.

എസ്ഡിആര്‍ അഞ്ചു ശതമാനമായും എംഎസ്എഫ് നിരക്ക് 5.5 ശതമാനമായും തുടരും. സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോള സമ്പദ്വ്യവസ്ഥ വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്. സംഘര്‍ഷത്തിന് മുന്‍പ് ഇന്ത്യ ശക്തമായ വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പവും പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായെങ്കിലും, മറ്റ് സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ സുരക്ഷിതമായ നിലയിലാണെന്നും ആഗോള ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *