മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് യു.ഡി.എഫിൽ അടിമുടി മാറ്റം വേണമെന്ന് ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയും മുസ്ലീംലീഗ് നേതാവുമായ കെ.എൻ.എ. ഖാദർ. യു.ഡി.എഫിന്റെ സംഘടനാ ദൗർബല്യവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ വന്ന വീഴ്ചയുമാണ് ഇത്തരമൊരു പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ഉൾപ്പെടെ കേരളത്തിൽ പലയിടത്തും ബി.ജെ.പി., എസ്ഡിപിഐ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും കെ.എൻ.എ. ഖാദർ ആരോപിച്ചു.
ഗുരുവായൂരിൽ ബി.ജെ.പി. പിന്തുണച്ച സ്ഥാനാർഥി ദിലീപ് നായർക്ക് ഇത്തവണ ആറായിരം വോട്ടാണ് കിട്ടിയത്. എസ്ഡിപിഐക്ക് രണ്ടായിരത്തോളവും. കഴിഞ്ഞ തവണ ബിജെപിക്ക് 25,000-ലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അവരുടെ 19,000 വോട്ടും എസ്ഡിപിഐ വോട്ടും എൽ.ഡി.എഫിലേക്ക് പോയി. കേരളത്തിൽ പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ട്.താഴെത്തട്ട് മുതൽ നേതൃതലം വരെ യു.ഡി.എഫിന് സംഘടനാ ദൗർബല്യമുണ്ട്. ആവശ്യമായ കാര്യക്ഷമത യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അങ്ങനെയാണെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകുമായിരുന്നു. ജനങ്ങൾ ചിലപ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും ചിലരെ ജയിപ്പിക്കും. ഒരു പാട് വികസനപ്രവർത്തനങ്ങൾ നടത്തിയ സർക്കാരായിരുന്നു ഉമ്മൻചാണ്ടിയുടേത്. പക്ഷേ, എന്നിട്ടും അന്ന് എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നു. ഇത്രമാത്രം ദ്രോഹകരമായി പ്രവർത്തിച്ചിട്ടും കേന്ദ്രത്തിൽ ബി.ജെ.പിയും ജയിച്ചു. ജനങ്ങളുടെ മനസ്സിന്റെ ഉള്ളറകളിൽ എന്താണെന്ന് മനസിലാക്കാൻ നല്ല ഹോംവർക്ക് ചെയ്യണം.