സൗദി രാജകുമാരന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍; അമിത ലഹരി ഉപയോഗം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

General

ലണ്ടന്‍: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടല്‍ മുറിയില്‍ സൗദി രാജകുമാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി രാജകുടുംബാംഗമായ അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജലാവി അല്‍ സൗദ് (29) ആണ് മരിച്ചത്. ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് യുകെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണിലുള്ള മാരിയറ്റ് ഹോട്ടലിലെ അഞ്ചാം നിലയിലെ മുറിയില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിശോധനയില്‍ ഇദ്ദേഹത്തിന്റെ രക്തത്തില്‍ അനുവദനീയമായതിലും മൂന്നിരട്ടിയോളം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ജിഎച്ച്ബി, കഞ്ചാവ്, വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുടെ സാന്നിധ്യവും ശരീരത്തില്‍ ഉണ്ടായിരുന്നു. ഇവയുടെ അപകടകരമായ മിശ്രിതമാണ് മരണത്തിലേക്ക് നയിച്ചത്.

നേരത്തെ മദ്യത്തിനും ലഹരി മരുന്നുകള്‍ക്കും അടിപ്പെട്ടിരുന്ന ഇദ്ദേഹം യുകെയിലെ പ്രമുഖ ഡീ-അഡിക്ഷന്‍ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, രാജകുമാരന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നോ അല്ലെങ്കില്‍ മരണത്തില്‍ മറ്റ് ദുരൂഹതകളോ ഉള്ളതായി തെളിവുകളില്ല. സംഭവം അപകട മരണമായാണ് കോടതി രേഖപ്പെടുത്തിയത്.

രാജകുമാരന്റെ നിര്യാണത്തില്‍ സൗദി റോയല്‍ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *