നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

General

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

അന്വേഷണത്തിന് ഡപ്യൂട്ടി ഡി എം ഒയെ നിയോഗിച്ച് മരിച്ച രോഗിയുടെ ബന്ധുക്കൾ, ആശുപത്രി സൂപ്രണ്ട് , ഡോക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ, സ്വതന്ത്ര സാക്ഷികൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തണം. മരിച്ച രോഗിയുടെ ചികിത്സാരേഖകൾ പരിശോധിച്ച് മരണ കാരണം മനസിലാക്കണം. ആരുടെയെങ്കിലും ഭാഗത്തെ വീഴ്ച മരണത്തിന് കാരണമായിട്ടുണ്ടോ, സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ മുതലായ കാര്യങ്ങൾ അന്വേഷിച്ച് ഡി എം ഒ ക്ക് റിപ്പോർട്ട് കൈമാറണം. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി എം ഒ സമഗ്രമായ ഒരു റിപ്പോർട്ട് അന്വേഷണ റിപ്പോർട്ടിനൊപ്പം ഒരു മാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സുപ്രണ്ട് പ്രത്യേകം റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

സെപ്റ്റംബർ 2 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡി എം ഒക്ക് വേണ്ടി ഡപ്യൂട്ടി ഡി എം ഒയും താലൂക്ക് ആശുപത്രി സൂപ്രണ്ടിന് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥനും ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *