തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ തലയ്ക്കും മുഖത്തും ഏറ്റ പരിക്ക് മരണകാരണമായി എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കുട്ടിക്ക് പന്നിപ്പടക്കം കിട്ടിയപ്പോള്‍ അത് കടിച്ചതാകാം മരണം കാരണമെന്നാണ് സൂചന. രാസപരിശോധനാഫലം വന്നതോടെ പൊട്ടാസ്യം ക്ലോററ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായതാവാം എന്നാണ് പൊലീസിന്റെ സംശയം.
രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.