കൽപ്പറ്റഃ നൂറ്റമ്പത് വർഷം പഴക്കമുള്ള ചെറുവയൽ രാമേട്ടന്റെ വൈക്കോൽ മേഞ്ഞ വീട്… വർഷംതോറും വൈക്കോൽ മാറ്റും… അൻപതിൽപരം നെൽവിത്ത് അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട് … ദിവസവും ധാരാളം സന്ദർശകർ ഇവിടെ വരാറുണ്ട്… ഒരു സന്ദർശക ഡയറിയും ഇവിടെ ഉണ്ട്. സന്ദർശക ഡയറിയിലെ പ്രമുഖരുടെ കുറിപ്പുകൾ തന്നെ മതി രമേട്ടന്റെ ലോകോത്തര മഹത്വം തിരിച്ചറിയാൻ.
ഡയറിയിലൂടെ കണ്ണോടിക്കുന്നതിനിടക്ക് രമേട്ടന്റെ ഭാര്യ ഉണ്ണിയപ്പവും കാപ്പിയുമായി ഞങ്ങളെ സൽക്കരിച്ചു.
രാമേട്ടൻ ഓരോന്നായി പറഞ്ഞു തുടങ്ങി.
താല്പര്യപൂർവം കേൾക്കുന്ന പുതു തലമുറയെ കണ്ടാൽ മണ്ണിനെകുറിച്ചും കൃഷിയെ സംബന്ധിച്ചും രാമേട്ടൻ വാചാലനാകുമെന്നു കേട്ടിട്ടുണ്ട്.
അത് പൂർണമായും സത്യമാണെന്നു ബോധ്യപ്പെട്ടു….
”68 ലാണെന്ന് തോന്നുന്നു, കണ്ണൂര്‍ പോയി എംപ്ലായ്മെന്റില്‍ പേര് കൊടുത്തു. അന്ന് 17 വയസ്സാണ്. 69 ല്‍ ജോലി കിട്ടി, കണ്ണൂർ ഡി.എം.ഒ ഓഫീസില്‍ വാര്ഡൻ – 150 രൂപ ശമ്പളം. നൂറ്റമ്പതൊക്കെ 69 ൽ വലിയ പൈസയാണ്. ഞാന്‍ അമ്മാവനോട് പറഞ്ഞു, ”മെമ്മോ വന്നു, പോണം.” അമ്മാവന് മിണ്ടിയില്ല. പിന്നെയും പറഞ്ഞു. മറുപടി പറയുമ്പോൾ അമ്മാവന്റെ ഒച്ചയൊക്കെ മാറിയിരുന്നു, ‘രാമാ, പത്ത് നാല്പ്പതേക്കര് ഭൂമിയുണ്ടിവിടെ. 22 ഏക്കര്‍ വയലാണ്, 18 ഏക്കര്‍ കരഭൂമിയും. നീ പോയിക്കഴിഞ്ഞാല്‍ ഇതൊക്കെ ആര് നോക്കും. ഒക്കെ വരണ്ട് പോവില്ലേ, വേണ്ടെങ്കില്‍ കളഞ്ഞിട്ട് പൊക്കോടാ !!” ഞാൻ കളഞ്ഞിട്ട് പോന്നു, ഈ മണ്ണല്ല – ഗവൺമെന്റ് തന്ന പണി.”
ജീവിതത്തിൽ കംഫേർട്ട് സോണിലിരുന്നു വരുമാനം ആഗ്രഹിക്കുന്ന ആരും തന്നെ സർക്കാർ ജോലി നിരസിക്കില്ല. അവിടെയാണ് രാമേട്ടൻ വ്യത്യസ്തനായി തുടങ്ങുന്നത്.
അന്ന് മുതൽ വയലിലേക്കിറങ്ങിയതാണ് രാമേട്ടൻ .പിന്നെ തിരിച്ച് കയറിയിട്ടില്ല. മുട്ടോളമെത്തുന്ന മുഷിഞ്ഞ മുണ്ടും കുടുക്ക് പൊട്ടിയ കുപ്പായവുമിട്ട് വയനാട്ടിലെ ചെളിമണ്ണിൽ അന്നുമിന്നും രാമേട്ടനുണ്ട്. അയാളാണ് വയനാടിന്റെ നെല്ലച്ഛൻ. വിത്തുകളുടെ രാജാവ് . നൂറ്റമ്പത് കൊല്ലം പഴക്കമുള്ള പുല്ലുമേഞ്ഞ മണ്‍വീട്ടിൽ ജീവിക്കുന്ന ഈ മനുഷ്യനെയാണ് ലോകം ജീന്‍ബാങ്കര്‍ എന്ന് പേരിട്ട് വിളിച്ചത്. ലോകം പെരുവയൽ രാമനെ നന്നായി കേട്ടു. എന്നാൽ നമ്മൾ കേരളക്കാർ എത്രപേർ കേട്ടു എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. പക്ഷേ പാശ്ചാത്യ രാജ്യങ്ങള്‍ അയാളെ കേട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ മുതൽ ലാറ്റിനമേരിക്ക വരെ കേട്ടിട്ടുണ്ട്.
ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയിലും ബ്രസീലിൽ നടന്ന ഇന്റർനാഷണൽ ശാസ്ത്ര കോൺഗ്രസിന്റെ വേദിയിലും ചെറുവയൽ രാമൻ അതിഥിയായെത്തിയിരുന്നു. കാലില്‍ ചെരിപ്പുപോലുമില്ലാതെ കയറി വന്ന രാമേട്ടനെ കണ്ട് വാ തുറന്ന് പോയ പ്രതിനിധികൾ, അന്നാ മനുഷ്യൻ ജീവിതം പറഞ്ഞ് തീരും വരെ വായടച്ചില്ല. ”ആറ് തരം പഴയ നെല്‍വിത്തുകൾ എനിക്ക് തന്നാണ് അമ്മാവൻ മരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ട് വരെ രണ്ടായിരത്തിലേറെ നെല്വിത്തുണ്ടായിരുന്ന നാടാണ് കേരളം. വയനാട്ടില്‍ മാത്രം നൂറിലേറെ ഉണ്ടായിരുന്നു. എനിക്ക് സങ്കടം തോന്നി, പത്ത് നാൽപ്പതേക്കർ ഭൂമിയുണ്ടായിരുന്ന അമ്മാവന്റെ സമ്പാദ്യം വെറും ആറെണ്ണമാണ്. കുറേ വിത്തുകള്‍ ശേഖരിക്കണമെന്ന തോന്നല്‍ വന്നത് അങ്ങനെയാണ്. വയനാട് മുഴുവന്‍ അലഞ്ഞു, മുപ്പത്തെട്ടണ്ണം കിട്ടി. കോഴിക്കോട്ടുന്നും കണ്ണൂരുന്നുമായി നാല് തരം വേറെയും കിട്ടി. അതൊക്കെ ഈ മണ്ണിലുണ്ട്. എന്നെ വന്ന് കാണുന്ന മണ്ണിനെ സ്നേഹിക്കുന്ന ഒരോ മനുഷ്യർക്കും ഞാനത് കൊടുക്കും.” തന്നെ വന്ന് കാണുന്ന മനുഷ്യർ ആരാണ് എന്നത് രാമേട്ടന് വിഷയമല്ല. ഇത് നമുക്കെളുപ്പം മനസിലാകാത്ത ആഴത്തിൽ വേരുള്ള ജൈവബന്ധമാണ്. മണ്ണിനോട് ഒരാൾക്കുള്ള സ്നേഹമാണ് അവർക്കും ചെറുവയൽ രാമനുമിടയിലുള്ള ബന്ധം.
ഹരിതവിപ്ലവം ആവേശിച്ച കേരളീയ കൃഷിഭൂമിയിലൂടെ ഒഴുക്കിനെതിരെ നീന്തുകയാണ് രാമേട്ടൻ. അതിനെക്കുറിച്ചുള്ള അജ്ഞതയല്ല, ആഴത്തിലുള്ള ബോധമാണ് അയാളുടെ കരുത്ത്. ആ ബോധ്യങ്ങളാണ് എന്റെ ശരികളാണ് ശരികൾ എന്ന് അയാളെക്കൊണ്ട് പറയിപ്പിക്കുന്നത്. ”അത്യുല്‍പ്പാദനശേഷിയുള്ള വിത്ത് കൃഷിചെയ്താല്‍ കൂടുതല്‍ വിളവൊക്കെ കിട്ടും. പക്ഷേ ഇപ്രാവശ്യം ഒരു ടണ്ണ് കിട്ടിയാൽ അടുത്ത പ്രാവശ്യം അത്ര കിട്ടില്ല. അളവ് കൂട്ടണോ രാസവളം വേണം. ശാസ്ത്ര ലാബുകളിൽ പിറന്ന വിത്തുകൾ അന്തകവിത്തുകളാണ്. രാസവളമിട്ടാൽ പിന്നെ ഈ മണ്ണിന് ഭാവിയില്ല. എന്റെ കൈകൊണ്ട് ഞാൻ രാസവളം തൊടില്ല – കീടനാശിനികൾ തൊടില്ല. തവളകളും, വണ്ടുകളും, മീനുകളും, എല്ലാം ചത്തുപോകും. പണ്ട് മാനന്തവാടി പുഴയിൽ നിന്ന് അഞ്ചാറ് പേർ ചേർന്ന് വെമ്മീന്‍ പിടിച്ച് വരുന്ന കാഴ്ചയൊന്ന് കാണണം !! കടലിൽ നിന്ന് തിമിംഗലത്തെ കൊണ്ടുവരുന്ന പോലെ. പത്തെൺപത് തരം മീനുകളുണ്ടായിരുന്ന പുഴയാ. ഇന്നവിടെ ഒരു മീൻ പോലുമില്ല. പക്ഷികള്‍ പോയി, മൃഗങ്ങള്‍ പോയി, കാട് പോയി, വയനാടേ പോയി. ചാണകവും ചവറും ജൈവവളങ്ങളുമേ ഞാനീ മണ്ണിലിടൂ. ഞാന്‍ വളമിടുമ്പോള്‍ എത്ര അണുക്കളാ ജീവിക്കുന്നതെന്നറിയുമോ. നിങ്ങൾക്ക് ഹൈബ്രിഡ് വിത്തുകൾ ഒരു ടണ്‍ വിളവ് തരുമ്പോൾ എനിക്ക് അര ടണ്ണേ കിട്ടൂ. അത് മതി. ഒരു ടണ്ണ് കൊണ്ട് ഞാൻ മാത്രം ജീവിക്കലല്ല അരട്ടണ്ണ് കൊണ്ട് എല്ലാരും ജീവിക്കലാണ് ഈ പ്രകൃതിക്കിഷ്ടം. ഞാൻ മണ്ടനാണെന്ന് എല്ലാവരും പറയും. എന്റെ മണ്ടത്തരം ഈ പ്രകൃതിയ്ക്കിഷ്ടമാണ്. ആ മണ്ടത്തരങ്ങളിൽ ജീവിക്കുന്നതാണ് എനിക്കിഷ്ടം.”
വിതച്ച്, പരിപാലിച്ചു പോറ്റി, സൗജന്യമായി മറ്റുളളവർക്കു വിത്ത് നൽകുന്ന ഈ മനുഷ്യൻ മണ്ടനല്ലാതെ മറ്റാരാണ് ! വന്ന് ചോദിക്കുന്നവർക്ക് ഏത് വിത്തും രാമൻ കൊടുക്കും. അത് കൃഷി ചെയ്ത് വിളവെടുത്ത് കലർപ്പില്ലാതെ ഇരട്ടി തിരികെ കൊണ്ടു വരണം എന്നാണ് വ്യവസ്ഥ. പലരും പിന്നെ ആ വഴിക്കേ ചെല്ലാറില്ല. എങ്കിലും രാമേട്ടനാരോടും ഒരു പരിഭവവുമില്ല. വിത്തുകളിൽ പ്രകൃതിയുടെ ജീവനുണ്ടെന്നാണ് ഈ മനുഷ്യന്റെ വിശ്വാസം. അതിന് വേദനിക്കാതിരിക്കാൻ – ജീവന് ക്ഷതമേൽക്കാതിരിക്കാൻ ട്രാക്ടർ ഉപയോഗിച്ചല്ല മെതി. പുതിയ കാലത്ത് കറ്റയിൽ വടികൊണ്ടടിച്ച് നെല്ലു വേർപെടുത്തുന്ന ഈ മനുഷ്യൻ മണ്ടനല്ലാതെ മറ്റാരാണ് !!
ലോകം മൊത്തമെത്തിയല്ലോ രാമേട്ടാങ്ങടെ പെരുമ എന്ന് ചോദിച്ചാൽ ചിരിച്ച് കൊണ്ട് മൂപ്പര് പറയും, ”ലോകം മൊത്തം വിത്തു പോകാൻ രാമൻ പോര. മനുഷ്യരേ പോര ! വായുവില്‍ കൂടി വിത്തുകള്‍ വരുന്നുണ്ട്. വെള്ളത്തില്‍ കൂടി അവ ഒഴുകി പലയിടത്തും പോയി പൊടിക്കുന്നുണ്ട്. പക്ഷികള്‍ പഴങ്ങളൊക്കെ തിന്ന് കാഷ്ഠമിട്ട് അത് പൊടിപ്പിക്കുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നും അത് പൊടിച്ചുവരുന്നുണ്ട്. ഈ പ്രകൃതി പാകിയ വിത്തുകളാണ് ഇതെല്ലാം. കോടാനുകോടി ജീവികള്‍ക്ക് ജീവിക്കാന്‍ പ്രകൃതി പാകിയ വിത്തുകള്‍ !! വിത്തുകൾ പിറക്കേണ്ടത് യൂണിവേഴ്സിറ്റികളിലല്ല.”
നാം തന്നെ യൂണിവേഴ്സിറ്റികളിൽ പിറക്കുന്ന കാലമാണിത്. കാലം തെറ്റിപ്പിറന്ന ഒരു മനുഷ്യൻ പറയുന്നു, ”വിത്തുകൾ പിറക്കേണ്ടത് യൂണിവേഴ്സിറ്റികളിലല്ല.” എന്ത് ശക്തിയാണ് ആ വാക്കിന്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ്, ദുബായിയിൽ വയലും വീടും പരിപാടിയിൽ പങ്കെടുക്കാൻ പോയ രാമേട്ടന് അവിടെ വെച്ച് ഹൃദയാഘാതമുണ്ടായി. ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ചികിത്സാ ചെലവ് മാത്രം പതിനാറ് ലക്ഷം, മറ്റ് ചെലവും കൂടെ ചേർത്ത് നാല്പത് ലക്ഷം !! അത്രയും കൊടുത്താണ് അവർ പെരുവയൽ രാമനെ കാത്തത്. തിരികെ വീട്ടിലെത്തി തോർത്ത് മുണ്ടും, മുറിക്കൈയൻ കുപ്പായവുമിട്ട് തലേക്കെട്ട് കെട്ടി പൂർവ്വാധികം ശക്തിയോടെ രാമേട്ടൻ വീണ്ടും കൃഷിയിടത്തിലേക്കിറങ്ങി.
രാമേട്ടാ നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ് …ആവേശമാണ് …
മണ്ണിനോട് മുഖം തിരിക്കുന്ന പുതിയ തലമുറക്ക് ജീവിക്കുന്ന പ്രചോദനമാണ്.
കണങ്കാൽ വരെയെത്തുന്ന മുണ്ട് ചുറ്റി,മുറിക്കയ്യൻ ഷർട്ടും തോളത്തൊരു തോർത്തുമായി, ചെരിപ്പിടാതെ,ചെളിക്കറപുരണ്ട വിരലുകളുമായി രാമേട്ടൻ ഇനിയും ഒരുപാടു കാലം ആ പുൽകുടിലിൽ കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്നവരെ വരവേൽക്കാൻ ആയുരാരോഗ്യത്തോടെ ഉണ്ടാവട്ടെയെന്നു ആഗ്രഹിക്കുന്നു.
അദ്ദേഹത്തിന്റെ profile ലും പ്രത്യേകതയും അറിയാൻ
googleൽ cheruva..എന്ന് ടൈപ്പ് ചെയ്താൽ മതി. ചാടി വരും ,ആ നാമം – ചെറുവയൽ രാമൻ. ജീവിതം,കൃഷി.മണ്ണ് അങ്ങനെ പലതും….
പക്ഷെ പൈതൃകനെൽവിത്തുകളുടെ കാവൽക്കാരൻ ചെറുവയൽ രാമേട്ടന്റെ ജൈവ ജീവിതം തൊട്ടറിയാൻ രാമേട്ടന്റ വീട്ടിലും വയലിലും അദ്ദേഹത്തോടൊപ്പം കുറച്ചു സമയം ഇറങ്ങി നടക്കുക തന്നെവേണം. എന്നാലേ അദ്ദേഹത്തിന്റെ സവിശേഷതകളും മിടിപ്പുകളും നമ്മുടെ ഉള്ളിൽ കുരുങ്ങുകയുള്ളു.
9745990985
ജുനൈദ് കൈപ്പാണി
(മാനേജിങ് എഡിറ്റർ,വൈഡ് ലൈവ് ന്യൂസ്)