മുട്ടിൽ: നിർമാണ വസ്‌തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കാലോചിതമായി പുതുക്കി നിശ്ചയിക്കണം. ആനുകൂല്യവിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി.എ മുഹമ്മദ് നഗറിൽ (മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയം) സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി.ജെ ആന്റണി അധ്യക്ഷനായി. സെക്രട്ടറി എ. രാജൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ കെ കുമാരദാസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ, സെക്രട്ടറിമാരായ സി വി ജോയി, പി ബാബു, സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എ രാജൻ രക്തസാക്ഷി പ്രമേയവും പി കെ മോഹനൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സമ്മേളനനഗരിയിൽ ജില്ലാ പ്രസിഡന്റ് പി ജെ ആന്റണി പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ എം ഡി സെബാസ്റ്റ്യൻ സ്വാഗതവും ജനറൽ കൺവീനർ പി സൈനുദ്ദീൻ നന്ദിയും പറഞ്ഞു. 37 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പി.ജെ ആന്റണി പ്രസിഡന്റ്, എ രാജൻ സെക്രട്ടറി, കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി പി.ജെ ആന്റണിയെയും സെക്രട്ടറിയായി എ രാജനെയും തെരഞ്ഞെടുത്തു. പി സൈനുദ്ദീനാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: കെ പത്മിനി, പി വി രോഹിണി, കെ നാരായണൻ, പി കരുണാകരൻ (വൈസ് പ്രസിഡന്റുമാർ), കെ കെ കുമാരദാസ്, പി കെ മോഹനൻ, കെ എൻ ഗോപിനാഥൻ, പി സി വത്സല (ജോ.സെക്രട്ടറിമാർ).