കല്‍പ്പറ്റ: എം എല്‍ എ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങള്‍ക്കും, മേപ്പാടി, ചൂരല്‍മല എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കും നെസ്ലെ ഗ്രൂപ്പിന്റെ സഹായത്തോടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 60 ലക്ഷം രൂപ ചെലവില്‍ 1500 രൂപ വില വരുന്ന നാലായിരം ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. കിറ്റുകളുടെ വിതരണം വരും ദിവസങ്ങളിലും തുടരും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലും, ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ഓഡിറ്റോറിയത്തിലും നടന്ന ഓണക്കിറ്റ് വിതരണം കൃഷി മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. നെസ്‌ലെ കേരള റീജിയണല്‍ കോര്‍പറ്റേറ്റ് അഫയേഴ്‌സ് മാനേജര്‍ ജോയി സക്കറിയ ഇരുപരിപാടിയിലും പങ്കെടുത്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ കെ ഹനീഫ അധ്യക്ഷനായിരുന്നു. പി പി ആലി, സലീം മേമന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി സുരേഷ്ബാബു, സലാം നീലിക്കണ്ടി, അരുണ്‍ദേവ്, സി ശിഹാബ്, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാത തുടങ്ങിയവര്‍ സംബന്ധിച്ചു. മേപ്പാടി, ചൂരല്‍മല നിവാസികള്‍ക്കായുള്ള കിറ്റുവിതരണചടങ്ങില്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ അധ്യക്ഷയായിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, പി പി ആലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി സുരേഷ്ബാബു,സി ശിഹാബ്, രാജു ഹെജമാടി, നാസര്‍ പൂത്തക്കൊല്ലി, ഒ ഭാസ്‌ക്കരന്‍, എന്‍ കെ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.