കുണ്ടറയില്‍ കസ്റ്റഡി മര്‍ദന ആരോപണം; ‘പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ല’; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

General

കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം തള്ളി പൊലീസ്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാര്‍മശം.

ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിയാദ് മരണപ്പെട്ടതിന് ശേഷമാണ് ലോക്കല്‍ പൊലീസിന് കുടുംബം പരാതി നല്‍കിയത്. പരാതിയില്‍ പക്ഷെ പൊലീസ് മര്‍ദിച്ചിരുന്നു എന്ന് പറയുന്നില്ല. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ട ഇന്റിമേഷന്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മര്‍ദിക്കുന്നതായുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പരാമര്‍ശമുണ്ട്. നടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് പ്രധാന പരാമര്‍ശം. സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. വൈദ്യപരിശോധന നടത്താതെയാണ് വിട്ടയച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി ഷാജി സുഗുണന്‍ ട്വന്റിഫോറിനോട്. ആരോപണവിധേയരായ പൊലീസുകാരനെ മാറ്റിനിര്‍ത്തുന്നത് ആലോചനയിലാണെന്നും ഷാജി സുഗുണന്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ ആരോപണം നിലവിലുള്ളതുകൊണ്ടുതന്നെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ കൊണ്ടാണ് കേസ് അന്വേഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ പേരിലാണ് ആരോപണമുള്ളത്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്നതിനനുസിച്ചാണ് തീരുമാനമെടുക്കുന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറോട് വിവരങ്ങള്‍ തേടിയിരുന്നു. ഹെപ്പറ്റൈറ്റിസ് ബാധിച്ചാണ് അദ്ദേഹം ചികിത്സയിലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളു – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *