പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില് ഉറച്ചും സിപിഐഎമ്മിനെ വിമര്ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന് ആര്ക്കും കഴിയില്ല. സ്ഥാനങ്ങള് ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില് ആ പങ്കുവെക്കല് അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്ട്ടിക്ക് തര്ക്കവും സംശയവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. അവിടെ കീഴ്വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന് ആര്ക്കുമാര്ക്കും കഴിയില്ല. എല്ലാ കീഴ്വഴക്കവും മാറേണ്ടി വന്നാല് മാറിയേ തീരൂ. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല വലുത് എല്ഡിഎഫാണ്. കീഴ്വഴക്കമല്ല വലുത് ഒന്നിച്ചുപോക്കാണ് വലുത്. അതിനാല് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചേ തീരൂ എന്ന് സിപിഐ പറയുന്നത് എല്ഡിഎഫിനെ ദുര്ബലമാക്കാന് വേണ്ടിയല്ല. ശക്തമാക്കാന് വേണ്ടിയാണ്. എല്ഡിഎഫ് എല്ഡിഎഫായി തുടരണമെങ്കില് അത്തരത്തിലുള്ള പങ്കുവെപ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്ന് വ്യക്തമാക്കട്ടെ – ബിനോയ് വിശ്വം പറഞ്ഞു.
ഉപനേതൃ സ്ഥാനത്തില് ചൊവാഴ്ച സിപിഐ -സിപിഐഎം ചര്ച്ച നടക്കാനിരിക്കെയാണ് ബിനോയ് വിശ്വം നിലപാട് ആവര്ത്തിച്ചത്. പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗണ്സില് ഓഫീസായ എംഎന് സ്മാരകത്തില് വെച്ചായിരിക്കും ചര്ച്ച. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില് വിട്ടുവീഴ്ചയില്ലെന്ന്പ്രഖ്യാപിച്ചിരിക്കുന്നസിപിഐയെഅവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച്സമവായത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐഎമ്മിന്റെ നീക്കം.