മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയതായി പരാതി.ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ കൈയ്യിലേക്ക് അധ്യാപകൻ ചൂരൽകൊണ്ട് തല്ലിയത്. MSMHSS കല്ലിങ്ങൽപ്പറമ്പിലെ അധ്യാപകനാണ് വിദ്യാർഥിനിയെ ക്രൂരമായി അടിച്ചത്.
പനി ആയതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളിൽ പോയിരുന്നില്ല. അവധി ദിവസത്തെ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് അധ്യാപകൻ തന്റെ പുറകിലൂടെ വന്ന് ചൂരല് കൊണ്ട് അടിച്ചത്. അടിയിൽ പേനയും ബുക്കും തെറിച്ചു പോയെന്നും വിദ്യാർഥിനി പറയുന്നു.
മകൾക്ക് കൈയ്യിൽ ഗുരുതരമായി പരുക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് വിദ്യാർഥിനിയുടെ മാതാവ് പറയുന്നു. പിന്നീട് കുട്ടിയെ അധ്യാപകർ ചേർന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.അധ്യാപകനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം. പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി.