ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കും: മന്ത്രി ടി സിദ്ധീഖ്

General

ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ പോലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ പദ്ധതികൾക്ക് കാര്യക്ഷമമാക്കുകയാണെന്നും
കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ധീഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ജില്ലയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും യുവ തലമുറയെ രക്ഷിച്ചെടുക്കാനുള്ള ബോധവത്കരണം, ഉറവിടം തേടിയുള്ള ഇടപെടലുകൾ, കണ്ണികളെ അറുത്തുമാറ്റൽ, കേസുകൾ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ സർവ്വവിധ സന്നാഹത്തോടെയാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 3,790 കേസുകളിലായി നാലായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലയളവിൽ വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്തത് 35 ഓളം കേസുകളാണ്. ഇതിൽ 36 പേരെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ അബ്കാരി കേസുകളും നിരോധിത പുകയില ഉത്പ്ന്നങ്ങളുമായി ബന്ധപ്പെട്ട 233 കേസുകളും റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ റാലി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി മാഫിയ നടത്തുന്ന പ്രവർത്തനങ്ങൾ നിസ്സംഗതയോടെ നോക്കിനിൽക്കാൻ പാടില്ല. നാടിനെ കാക്കാനും ഒരു തലമുറയെ രക്ഷപ്പെടുത്താനുമുള്ള ധർമ്മവും ഉത്തരവാദിത്വവും നമ്മുക്കുണ്ട്. ലഹരി മാഫിയകളുടെ വിവരങ്ങൾ നൽക്കുന്നവരെ വെളിപ്പെടുത്താതെ കൃത്യമായ സമീപനം സ്വീകരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അന്താരാഷ്ട്ര ബ്ലാക്ക് ബിസിനസ് ലോബി ചെറുപ്പക്കാരെയും കുട്ടികളെയും ഉൾപ്പെടുത്തി ശൃംഖല വിപുലമാക്കി കേരളത്തെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റുകയാണ്. ഓപ്പറേഷൻ തൂഫാനിലൂടെയും തണ്ടറിലൂടെയും സംസ്ഥാനത്ത് അതിവിപുലമായ പ്രതികരണത്തിന് സർക്കാർ നേതൃത്വം കൊടുത്തിരിക്കുകയാണെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും കണ്ണികളാകണമെന്നും മന്ത്രി പറഞ്ഞു.

കൽപ്പറ്റ പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. വിമുക്തി മാനേജർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയുടെ ഭാഗമായി എസ്.കെ.എം. ജെ സ്കൂൾ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ് കുമാർ, നഗരസഭാ വാർഡ്‌ കൗൺസിലർമാരായ മുഹമ്മദ് റാഫി, എം പി നവാസ്, ഗിരീഷ് കൽപ്പറ്റ, എസ്.കെ. എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.പി കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്റ് ആർ എൻ ബൈജു, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് പി.എസ് വിനീഷ്, എക്സൈസ് കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ സി രജിത്ത്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *