വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

General

വിഴിഞ്ഞം തുറമുഖ പദ്ധതി മറയാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി സൽമാനുൽ ഫാരിസ് സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു. സൽമാനിൽ നിന്നുണ്ടായ ദുരനുഭവം ട്വന്റിഫോറിനോട് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നേഹ സക്‌സേന. ദുബായ് കിരീടവകാശി എന്ന രീതിയിൽ ആഗോള ബ്രാൻഡിന്റെ പരസ്യ ഷൂട്ടിനായി ബന്ധപ്പെട്ടു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ ഇ മെയിൽ വഴി അയച്ചു ഭീഷണിപ്പെടുത്തി എന്നാണ് വെളിപ്പെടുത്തൽ.

കുടുംബത്തെ കൊലപ്പെടുത്തുമെന്നും പീഡിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും നേഹ സക്സേന പറഞ്ഞു. സൽമാനുൽ ഫാരിസ് വ്യാജ സോഷ്യൽ മീഡിയ അകൗണ്ട് വഴി നിരവധി സ്ത്രീകളെ കബളിപ്പിച്ചെന്നും നേഹ സക്സേനയുടെ വെളിപ്പെടുത്തൽ. 2016ൽ ഒരു പരസ്യ ഷൂട്ടിൽ സൽമാന്റെ കുട്ടി തനിക്കൊപ്പം അഭിനയിച്ചിരുന്നുവെന്നും പിന്നാലെ കുറേ വർഷം ഫേസ്‌ബുക്കിൽ സ്റ്റോക്ക് ചെയ്‌തുവെന്നും നേഹ പറയുന്നു. ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതോടെ മറ്റൊരു ഇൻസ്റ്റഗ്രാമിൽ നിന്നും മെസേജ് അയച്ചു. ‘പ്രിൻസ് റിയാൻ സൽമാൻ ബിൻത് സെയ്‌ദ് അൽ മഖ്ദൂം’ എന്നായിരുന്നു ഇൻസ്റ്റാഗ്രാം അക്കൗണ്ട്. ഒരു ബ്രാൻഡിന്റെ പരസ്യത്തിൽ അംബാസിഡർ ആകണമെന്ന് മെസേജിൽ ആവശ്യപ്പെട്ടെന്നും നേഹ പറയുന്നു.

പുള്ളി ഫോണിൽ വിളിച്ചപ്പോൾ ഒരു അറബി സംസാരിക്കുന്ന പോലെയല്ല സംസാരിച്ചത്. സംശയം തോന്നിയപ്പോൾ ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തണമെന്ന് തോന്നി. നാല് ദിവസത്തിനു ശേഷം ‘സൽമാനുൽ ഫാരിസ്’ എന്നയാൾ ബോസിന് വേണ്ടിയെന്ന് പറഞ്ഞു ബന്ധപ്പെട്ടു.അയാളുടെ സംസാരത്തിൽ നിന്നും ‘പ്രിൻസ് റയാനും’ സൽമാനുൽ ഫാരിസും ഒരാളാണെന്ന് മനസ്സിലായി. സൽമാനുൽ ഫാരിസിന്റെ ശബ്ദവും,പ്രിൻസ് റിയാന്റെ ശബ്ദവും ഒന്നാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മലപ്പുറം പൊലീസിന് ഓൺലൈനായി പരാതിപ്പെട്ടുവെന്ന് നേഹ സക്സേന പറയുന്നു.

പോലീസ് അയാളുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ സൽമാനുൽ ഫാരിസ് വിദേശത്താണെന്നു കണ്ടെത്തുകയായിരുന്നു. നിരവധി പെൺകുട്ടികളെ സൽമാൻ ട്രാപ്പിലാക്കി പണം തട്ടിയിട്ടുണ്ട്. താൻ ജാഗ്രത കാണിച്ചത് കൊണ്ട് മാത്രം അയാളുടെ കെണിയിൽ വീണില്ലെന്ന് നടി നേഹ സക്‌സേന പറഞ്ഞു. ഒരു ഗുജറാത്തി പെൺകുട്ടിയെയും ഇതേ രീതിയിൽ സൽമാൻ കബളിപ്പിച്ചു. മുഹമ്മദ് ബിൻ അലി എന്ന ഖത്തർ സ്വദേശിയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇയാളുടെ തട്ടിപ്പ്. അയാളെ കണ്ടെത്തി ഇങ്ങനെ ഒരാൾ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്ന് അറിയിച്ചിരുന്നു. അപ്പോഴാണ് ഇതേ രീതിയിൽ കബളിപ്പിക്കപ്പെട്ട ഒരുപാടു സ്ത്രീകൾ ഉണ്ടെന്നു മനസ്സിലായതെന്ന് നേഹ സക്സേന പറയുന്നു.

ഇക്കഴിഞ്ഞ മെയ് 29 നും ജൂൺ 03 നും ഭീഷണി മെയിൽ വന്നു. തന്റെയും മാതാവിന്റെയും മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസിലെങ്കിലും പൊലീസ് കാര്യമായി ആക്റ്റ് ചെയ്യണം. കാരണം സ്ത്രീകളെയല്ല സർക്കാരിനെയാണ് ഈ സംഭവത്തിൽ സൽമാൻ കബളിപ്പിച്ചതെന്നും നേഹ സക്സേന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *