കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

General

തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില പാര്‍ട്ടികളെ ഒപ്പം കൂട്ടി, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന.

ആരെയെങ്കിലും കൂടെക്കൂട്ടി വേണം മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്ക്ക് നടന്നുകയറാന്‍. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതല്‍ തന്നെ ശ്രമിച്ച കോണ്‍ഗ്രസിന് തന്നെയാണ് ടിവികെ നല്‍കുന്ന പ്രഥമ പരിഗണനയെന്നാണ് സൂചന. ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. തമിഴ് നാട്ടില്‍ ഒരിയ്ക്കലും ലഭിയ്ക്കാന്‍ ഇടയില്ലാത്ത മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താല്‍ ഒരുപക്ഷെ കോണ്‍ഗ്രസ് ടിവികെ സഖ്യത്തിന് തയ്യാറായേക്കും. കൂടാതെ, ഡിഎംകെ സഖ്യത്തിലെ തന്നെ മുസ്ലിം ലീഗിനെയും വിടുതലൈ സിരുത്തൈകള്‍ കക്ഷിയെയും ടിവികെ നോട്ടമിടുന്നുണ്ട്. രണ്ടു സീറ്റുകള്‍ വീതമാണ് ഇരുപാര്‍ട്ടികള്‍ക്കുമുള്ളത്.

അണ്ണാ ഡിഎംകെ മുന്നണിയിലെ പാട്ടാളി മക്കള്‍ കക്ഷി അന്‍പുമണി രാംദോസ് വിഭാഗമാണ് വേറൊരു പാര്‍ട്ടി. നാല് സീറ്റുകളിലാണ് പിഎംകെ വിജയിച്ചത്. മറ്റൊരു മാര്‍ഗം അണ്ണാ ഡിഎംകെ തന്നെയാണ്. അണ്ണാ ഡിഎംകെ ഒറ്റയ്ക്ക് നേടിയത് 47 സീറ്റുകള്‍. എഡിഎംകെയ്ക്ക് കൈ കൊടുത്താല്‍ ഭരണത്തിലെത്താനും സുസ്ഥിര ഭരണം മുന്നോട്ടു കൊണ്ടുപോകാനും വിജയ്ക്ക് സാധിയ്ക്കും. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനുള്‍പ്പെടെ എഡിഎംകെ അവകാശ വാദം ഉന്നയിച്ചേക്കും. അതില്‍ വിട്ടുവീഴ്ചയ്ക്ക് വിജയ് തയ്യാറാകുമോ എന്നതും ചോദ്യമാണ്.

നേരത്തെ എഡിഎംകെ മുന്നണിയിലേയ്ക്ക് വിജയ്ക്ക് ക്ഷണമുണ്ടായിരുന്നു. 90 സീറ്റുകളും മുഖ്യമന്ത്രി പദവുമായിരുന്നു വിജയ് ആവശ്യപ്പെട്ടത്. 40 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും എഡിഎംകെ വാഗ്ദാനം ചെയ്തു. അതിന് വഴങ്ങാതെയാണ് വിജയ് ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *