തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

General

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിര്‍ദേശം. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലത്തേതിനേക്കാള്‍ ശക്തമായ രീതിയിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രവാസികള്‍ ഉള്‍പ്പെടെ അറിയിച്ചു. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. ദുബായില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 121 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരു സ്ത്രീ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആക്രമണം നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ഇനിയൊരു നിര്‍ദേശം വരുന്നതുവരെ ബങ്കറുകളില്‍ തന്നെ തുടരാനാണ് ഇസ്രയേല്‍ ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകള്‍ തിരിച്ചറിഞ്ഞതായും പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൊതുജനങ്ങള്‍ക്കുള്ള അടിയന്തര ദേശീയ മുന്നറിയിപ്പ് ഖത്തര്‍ പുതുക്കിയിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആശങ്കയേറുന്നത്. ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. ഏറെക്കാലത്തെ ഗൃഹപാഠത്തിനൊടുവില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖമനയിയുള്ള ഏറെ സുരക്ഷിതമെന്ന പറയപ്പെട്ട സ്ഥലം കണ്ടെത്തിയാണ് വ്യോമാക്രമണം നടത്തി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ ഖമനേയിയെ വധിച്ചത്. സംഭവത്തില്‍ ലോകരാജ്യങ്ങളും നടുക്കം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *