മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി.
ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ ബോർഡ് ഇന്ന് വീണ്ടും ചേരും.വെൻ്റിലേറ്റർ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും.അതേസമയം ബോധം തിരിച്ചു കിട്ടിയിട്ടില്ല.
പാമ്പുകടിയേറ്റതിനു പിന്നാലെ അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല. ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും പ്രവർത്തനം അതീവ ഗുരുതരാവസ്ഥയിൽ എത്തിയിരുന്നു. വിദഗ്ധ ചികിത്സയിൽ ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് വീണ്ടെടുക്കാനായി.കഴിഞ്ഞ ദിവസം കോട്ടയത്തെ കുറിച്ചിയിൽ വെച്ച് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിനു കടിയേൽക്കുന്നത്. കുറിച്ചി പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചലശേരിയിൽ മുൻ പഞ്ചായത്ത് ഡ്രൈവർ ബിജുവിൻ്റെ വീടിനു പുറത്താണ് സംഭവം. കന്നുകാലിക്കൂടിനുള്ളിൽ കൂട്ടിയിട്ടിരുന്ന കല്ലിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയിൽ വാവാ സുരേഷിൻ്റെ തുടയിലാണ് കടിയേറ്റത്.