1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രായോഗികമായ നിരവധി വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷകള്‍ നടക്കുകയാണ്. കൂടാതെ ഏപ്രില്‍, മെയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി/ വി.എച്ച്.എസ്.ഇ മൂല്യ നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രില്‍ 2-ന്പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ സുഗമമായി നടത്തുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയില്‍ നിന്ന് കേരളത്തിലെകുട്ടികള്‍ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.