സംഗീതം മാത്രമല്ല ഫാഷനും ജീവിതശൈലിയും റാപ്പർമാരെ പ്രശസ്തരാക്കുന്ന ഘടകങ്ങളാണ്. അത്തരത്തിൽ ശ്രദ്ധ നേടിയവരുടെ കൂട്ടത്തിലാണ് മെക്സിക്കൻ റാപ്പർ ഡാൻ സുറിന്റെ സ്ഥാനം. തലമുടി നീക്കി അതിനു പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചാണു 23കാരനായ ഡാൻ വാർത്തകളിൽ ഇടം നേടിയത്.വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഈ പ്രവൃത്തിക്ക് പ്രചോദനം എന്നു ഡാൻ പറയുന്നു. ശസ്ത്രക്രിയയിലൂടെ മാലകൾ ശിരോചർമത്തിൽ കൊളുത്തുകയായിരുന്നു. ‘‘ഇതാണ് എന്റെ തലമുടി. സ്വർണത്തലമുടി. മനുഷ്യ ചരിത്രത്തിലെ സ്വർണത്തലമുടിയുള്ള ആദ്യ റാപ്പർ ഞാനാണ്’’– ഡാൻ സുർ അവകാശപ്പെടുന്നു.
ഏപ്രിലിലാണ് ഡാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അതിനുശേഷം സ്വർണത്തലമുടിയോടെയുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയ ചെയ്തു തലമുടിക്ക് പകരമായി പിടിപ്പിച്ചതാണെന്ന് ആരും കരുതിയില്ല. അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ‘സ്വർണത്തലമുടി’യുടെ രഹസ്യം ഡാൻ വെളിപ്പെടുത്തിയത്. ഡാനിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.