തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൂരാഘോഷം മാറ്റിവെക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി.
രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് അവര്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട് – ശാരദക്കുട്ടി കുറിച്ചു.
രാജ്യമെങ്ങും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് മാത്രം പതിനെട്ടായിരത്തോളം രോഗ ബാധിത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.