കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

General

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴു പേരെ കാണാതായിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പത്തനംതിട്ട ജില്ലയില്‍ മാത്രം കുറച്ച് പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ട്. അവിടെ വെള്ളം ഇറങ്ങിപ്പോകാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 165 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലാ കലക്ടര്‍മാരുമായുള്ള അടിയന്തരയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി 30-ാം തീയതി ജില്ലാ കലക്ടര്‍മാരുടെ യോഗം ചേര്‍ന്ന് തയ്യാറുടുപ്പുകള്‍ വിലയിരുത്തിയിരുന്നു. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ 14 ബോട്ടുകള്‍ ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് ചെങ്ങന്നൂരില്‍ എത്തിച്ചിട്ടുണ്ട്.

ഷുളൂരില്‍ നിന്ന് രണ്ട് ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ടീമിനെ അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളെയും അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. അധികമായി എന്‍ഡിആര്‍ഫിന്റെ സംഘത്തെ ആരക്കോണത്തു നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതി മൂലം 3596 കർഷകരെ ബാധിച്ചതായാണ് പ്രാഥമികമായ കണക്ക്. അന്തിമ റിപ്പോര്‍ട്ടില്‍ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്.

തെറ്റായ പ്രചാരണം നടത്തിയാൽ കർശന നടപടി

പ്രധാനപ്പെട്ട അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്. ജനങ്ങള്‍ യാതൊരുവിധത്തിലും ഉത്കണ്ഠപ്പെടേണ്ടതില്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നു. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ആകെ മൂഴിയാറില്‍ മാത്രമാണ് പ്രശ്‌നമുള്ളത്. ജില്ലാ കലക്ടറുടെ കൂടി അനുമതിയോടെ മാത്രമേ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിടുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ധനസഹായം 12 ലക്ഷമായി വർധിപ്പിച്ചു

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക്, വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് അടിയന്തരമായി പതിനായിരം രൂപ വീതം നല്‍കും. ജിവനോപാധികള്‍ നഷ്ടമായ കുടുംബത്തില്‍ ഒരു കാര്‍ഡില്‍ നിന്ന് രണ്ടുപേര്‍ക്ക് 300 രൂപ വീതം ധനസഹായം നല്‍കും. മണ്ണിടിച്ചില്‍ വന്ന് വീടു നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ നേരത്തെ 10 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. അത് 12 ലക്ഷം രൂപയായി വര്‍ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആദ്യമായിട്ടാണ് ഈ തുക വര്‍ധിപ്പിക്കുന്നത്. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക്, വീട് നിര്‍മ്മിക്കാനായി നേരത്തെ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. രണ്ടരയേക്കറോളം കൃഷി നശിച്ചാല്‍ 13,500 രൂപയാണ് നല്‍കിയിരുന്നത്. അതുമായി ബന്ധപ്പെട്ട് തുക വര്‍ധിപ്പിക്കുന്നതിനായി കൃഷി വകുപ്പില്‍ നിന്നും നിര്‍ദേശം ചോദിച്ചിട്ടുണ്ട്. ആ നിര്‍ദേശം മന്ത്രിസഭായോഗം പരിഗണിച്ചശേഷം തീരുമാനമെടുക്കും. മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,018 പേരാണ് താമസിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *