സംസ്ഥാനത്ത് അവക്കാഡോ കൃഷിക്കുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ലോക അവക്കാഡോ ദിനചാരണത്തിന്റെ ഭാഗമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വയനാട് കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഷിക കോളേജ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവക്കാഡോ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തേക്ക് പ്രതിവര്‍ഷം 1,62,200 ത്തോളം ടണ്‍ അവക്കാഡോ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ വിദേശ രാജ്യങ്ങളിലേക്ക് നല്‍കുകയാണ്.് അവക്കാഡോ കൃഷി പ്രോത്സാഹിപ്പിച്ച് ആവശ്യമായ ഫലം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അവക്കാഡോ, റംബുട്ടാന്, മാംഗോസ്റ്റീന്‍ തുടങ്ങിയ വിദേശഫലവിളകള് കേരളത്തിലെ കൃഷിയിടങ്ങളില്‍ വിജയകരമായി ഉത്പാദിപ്പിക്കുന്നുണ്െന്നും അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കയറ്റുമതി നടത്തുന്ന പ്രമുഖ ഏജന്‍സികളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും കയറ്റുമതി നടപടികള്‍ വേഗത്തില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ആധുനിക കാര്‍ഷിക വിജ്ഞാനവും സാങ്കേതിക വിദ്യകളും എക്സ്റ്റന്‍ഷന്‍ സംവിധാനത്തിലൂടെ കര്‍ഷകരിലേക്ക് കൃത്യമായി എത്തിക്കും. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികള്‍, വളപ്രയോഗം, കീട-രോഗ നിയന്ത്രണം, വിളവെടുപ്പ്, ശുചീകരണം, ഗ്രേഡിംഗ്, പാക്കിംഗ്, കോള്‍ഡ് സ്റ്റോറേജ്, മൂല്യവര്‍ധനം, വിപണനം തുടങ്ങി സമഗ്രമായ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അമ്പലവയല്‍ കേന്ദ്രീകരിച്ച് അവക്കാഡോ കൃഷിയുടെ സമഗ്ര വികസനത്തിന് മാതൃകാ സംവിധാനം രൂപീകരിച്ച് കര്‍ഷകരുടെ സാമ്പത്തിക ശാക്തീകരണത്തിന് പുതിയ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്ന പുതിയ ഇനങ്ങളും സാങ്കേതികവിദ്യകളും കര്‍ഷകരിലെത്തിക്കുന്നതിന് കര്‍ഷകരുടെയും കര്‍ഷകസംഘങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവക്കാഡോ പാക്കേജിംഗ് ബോക്സ് മന്ത്രി പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ പദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുത്ത മാതൃക തോട്ടങ്ങള്‍ക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. അവക്കാഡോ കൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്കായി കാര്‍ഷിക സെമിനാറും മികച്ച അവക്കാഡോ ഫലത്തിനുള്ള മത്സരവും സംഘടിപ്പിച്ചു. എം.എല്‍.എ ഐ.സി ബാലകൃഷ്ണന് അധ്യക്ഷനായ പരിപാടിയില്‍ എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ബിനു പി ബോണി, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഷജീഷ് ജാന്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.