വിഴിഞ്ഞത്തെ വിദേശനിക്ഷേപം; സര്‍ക്കാര്‍ അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നല്‍കി

General

വിഴിഞ്ഞത്തെ വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നല്‍കി. ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്നും, ഇതുവരെ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ കത്ത് സര്‍ക്കാരിന് ലഭിച്ചത്. 

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 13000 കോടി രൂപയുടെ നിക്ഷേപം നടത്തി ആഗോള ഷിപ്പിങ്ങ് കമ്പനിയായ എംഎസ്സി നടത്തിയിരുന്നു തുറമുഖത്തിന്റ നടത്തിപ്പ് ചുമതലയുള്ള ആദാനി പോര്‍ട്‌സിന്റ 49 ശതമാനം ഓഹരി വാങ്ങി കൊണ്ടാണ് എംഎസ് സി നിക്ഷേപം നടത്തിയത്. എംഎസ്‌സിയുടെ നിക്ഷേപം വന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം കൂടുതല്‍ വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡും അദാനി പോര്‍ട്‌സും തമ്മിലുള്ള കൈകോര്‍ക്കലിലൂടെ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെയും ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.

ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയില്‍ എംഎസ്‌സിയുടെ ഉപ കമ്പനിയായ ടിഐഎല്‍ നിക്ഷേപിക്കുന്നത് 1.397 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 13000 കോടി രൂപയാണ് എംഎസ്‌സിയുടെ നിക്ഷേപം. BOT കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോര്‍ട്‌സിന് 49% ഓഹരി വില്‍ക്കാന്‍ അനുവാദമുണ്ട് . ഈ വ്യവസ്ഥ പാലിച്ചാണ് 13000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ 16 ലക്ഷം ടിഇയു ശേഷിയുള്ള വിഴിഞ്ഞം തുറമുഖം എംഎസ്‌സിയുടെ നിക്ഷേപത്തോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയരും. എംഎസ്‌സിയുമായുള്ള പങ്കാളിത്തം വിഴിഞ്ഞത്തെ ചരക്ക് നീക്കത്തിന്റെയും വളര്‍ച്ചയുടെയും ഗതിവേഗം കൂട്ടുമെന്നാണ് വിലയിരുത്തല്‍.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ആശങ്കയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തത വരുത്തിയിരുന്നു. ഓഹരി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നും ഇതുവരെ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *