‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

General

സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. ഐടി നിയമം സെക്ഷൻ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണ്. അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ കാണുന്നവർ അതാത് പ്രദേശത്തെ പൊലീസിനെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കുക. സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *