കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകളിലേക്ക്; രാഹുലിനെ ചൊല്ലി തര്‍ക്കം, സീറ്റ് തേടി സിറ്റിംഗ് എം പിമാരും

General

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വലിയ ആശ്വാസമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും, ആരൊക്കെ പുറത്തുപോവുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്പത് ശതമാനം പുതുമുഖങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെന്നാണ് വി ഡി സതീശന്‍ നല്‍കുന്ന സൂചനകള്‍.

നിലവിലുള്ള എല്ലാ കോണ്‍ഗ്രസ് എം എല്‍ എമാരേയും ഇത്തവണ മത്സരിപ്പിക്കുന്നതിനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബുവിനെ മാറ്റി നിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. 2021 ല്‍ എല്‍ ഡി എഫ് തരംഗത്തിലും ജയിച്ചുകയറിയ എല്ലാ എം എല്‍ എമാര്‍ക്കും ഇത്തവണ സീറ്റു നല്‍കണമെന്ന് എല്ലാ വിഭാഗം നേതാക്കളും ഒരുപോലെ സ്വീകരിച്ച നിലപാടാണ്. എന്നാല്‍ ലൈംഗിക പീഡന പരാതിയില്‍ അകപ്പെട്ട പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമല്ല. രാഹുലിന് പാലക്കാട് സീറ്റുനല്‍കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. നിലവില്‍ രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയതിനാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രാഹുലിന് സീറ്റ് നല്‍കരുതെന്ന് പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നു. പെരുന്നയില്‍ നടന്ന മന്നം ജയന്തിയില്‍ പങ്കെടുക്കാനെത്തിയ രാഹുലും പി ജെ കുര്യനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കുര്യന്‍ നിലപാട് മയപ്പെടുത്തിയെങ്കിലും രമേശ് ചെന്നിത്തലയും വി ഡി സതീശനും നിലപാട് കടുപ്പിച്ചാല്‍ രാഹുല്‍ പുറത്താവും. പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരേയും നേരത്തെ ലൈംഗിക പീഡന പരാതി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെരുമ്പാവൂരില്‍ സ്വീകാര്യനായൊരു സ്ഥാനാർഥിയെ കണ്ടെത്തണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *