പാലക്കാട്: ലിയോ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് അരോമ തീയേറ്ററിൽ സംവിധായകനെ കാണാനെത്തിയ ആരാധകർക്കിടയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. പ്രേക്ഷകരുടെ തിക്കിലും തിരക്കിലും ലോകേഷിന്റെ കാലിന് പരിക്കേറ്റു.
ആരാധകർ അനിയന്ത്രിതമായി എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ കേരളത്തിലെ മറ്റു പരിപാടികൾ റദ്ദാക്കി. തൃശൂർ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും വൈകാതെ കേരളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്നും സംവിധായകൻ വ്യക്തമാക്കി.