‘മോദി സർക്കാറിന്റെ നടപടി കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെ’; രാഹുൽ ഗാന്ധി

General

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ നടപടി എന്ന് രാഹുൽ. അടുത്ത നിരോധനം വാട്സ്ആപ്പിന് ആകുമോ എന്നും പരിഹാസം. രാജ്യത്ത് ചോദ്യപേപ്പർ ചോർച്ച മാഫിയ തഴച്ചു വളരുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പരീക്ഷാ ദിവസം വിദ്യാർത്ഥികളെ പരിശോധിക്കും. വ്യോമസേന വഴി ചോദ്യപേപ്പറുകൾ അയയ്ക്കും. നാടകങ്ങൾക്ക് ഒരു കുറവുമില്ല എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന്റെ പ്രവർത്തനം താത്കാലികമായി കേന്ദ്രസർക്കാർ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ജൂൺ 22 വരെ വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂൺ 30 വരെ പ്രവർത്തിക്കില്ല. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ജൂൺ 21നാണ് എൻടിഎ പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാർ നടപടിയിൽ ടെലിഗ്രാം സി ഇ ഒ എതിർപ്പറിയിച്ചിരുന്നു. നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാർ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. 150 ദശലക്ഷം ആളുകളാണ് ടെലിഗ്രാം സേവനങ്ങൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നും സി ഇ ഒ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *