തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷവിമർശനം. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ നേതൃത്വം എത്തിച്ചുവെന്നും എന്ത് വന്നാലും ജയിക്കുമെന്ന ധാർഷ്ട്യം നേതൃത്വത്തിനു ഉണ്ടായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വി കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാമ്പയിൻ നടത്തി വോട്ട് മറിച്ചെന്നും വിമർശനം.
ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരടക്കം എടുത്ത് പറഞ്ഞ് ആയിരുന്നു വിമർശനം. വോട്ട് ചോർത്തിയവരെ പുറത്താക്കണമെന്നും നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യം ഉയർന്നു. ആളുകളുടെ മുഖത്തു നോക്കാൻ പറ്റാത്ത സ്ഥിതി. രക്തസാക്ഷി ഫണ്ട് മുക്കി എന്ന് കേട്ടാൽ ഏത് സിപിഎമ്മുകാരനാണ് വോട്ട് ചെയ്യുന്നതെന്ന് അംഗങ്ങൾ ചോദിച്ചു. വി കുഞ്ഞികൃഷ്ണന്റെ ആക്ഷേപങ്ങൾ പരിശോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും വിമർശനം.